അൾജിയേഴ്സ്: ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന മുൻ അൾജീരിയൻ പ്രസിഡന്റ് അബ്ദലാസിസ് ബോട്ടഫ്ലിക (84) അന്തരിച്ചു. നീണ്ട 20 വർഷങ്ങൾക്ക് ശേഷം 2019ലാണ് അദ്ദേഹം ഭരണത്തിൽ നിന്ന് പടിയിറങ്ങിയത്. അൾജീരിയയിലുണ്ടായ തെരുവ് പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു അബ്ദലസീസിന്റെ പടിയിറക്കം.

1950 - 60 കാലഘട്ടത്തിൽ അൾജീരിയയിലെ യുദ്ധത്തിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. രണ്ട് ലക്ഷത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ട അൾജീരിയൻ യുദ്ധത്തിന് പിന്നാലെ, 1999ലാണ് സൈന്യത്തിന്റെ പിൻബലത്തോടെ അദ്ദേഹം പ്രസിഡന്റ് പദവിയിലെത്തുന്നത്. 

2013ൽ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ കാരണം അദ്ദേഹം അധികമൊന്നും പൊതുപരിപാടികളിൽ സംബന്ധിച്ചിരുന്നില്ല. മാത്രമല്ല രോഗബാധ അദ്ദേഹത്തിന്റെ പ്രസംഗങ്ങളേയും പ്രവർത്തനങ്ങളേയും പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു. പിന്നീട് അദ്ദേഹം നാല് വർഷങ്ങൾക്ക് ശേഷം 2017ലായിരുന്നു പൊതു പരിപാടിയിൽ പങ്കെടുത്തത്.

1999-2019: ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന പ്രസിഡന്റ്

അൾജീരിയയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന പ്രസിഡന്റാണ് അബ്ദലാസിസ് ബോട്ടെഫ്ലിക. 20 വർഷമാണ് അദ്ദേഹം (1999 മുതൽ 2019 വരെ) അൾജീരിയുടെ പ്രസിഡന്റ് പദവിയിൽ ഉണ്ടായിരുന്നത്. 

Abdelaziz
Photo: AP

ജനനം - പഠനം - സൈന്യം

1937 മാർച്ച് 2ന് മൊറോക്കോയിലെ ഔജ്ദയിലായിരുന്നു ജനനം. ചെറുപ്പത്തിൽ തന്നെ ബുദ്ധിപരമായ  എല്ലാ കാര്യങ്ങളിലും മുൻപന്തിയിലായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ പഠന വൈഭവം കണ്ട് മൊറോക്കൻ കൊട്ടാരത്തിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

പത്തൊൻപതാം വയസ്സിലാണ് അദ്ദേഹം നാഷണൽ ലിബറേഷൻ ആർമിയിൽ ജോയിൻ ചെയ്യുന്നത്. ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടാൻ വേണ്ടി പോരാടുന്ന സൈന്യമായിരുന്നു എഎൽഎൻ.

അദ്ദേഹത്തിന്റെ വാക് ചാതുര്യവും നർമ്മബോധവും അൾജീരിയൻ ബോർഡർ ആർമി ചീഫും അൾജീരിയയുടെ രണ്ടാം പ്രസിഡന്റുമായ ഹൗരി ബൗമെഡിനെ ആകൃഷ്ടനാക്കുകയായിരുന്നു. തുടർന്ന് ഭരണം ലഭിച്ചപ്പോൾ അദ്ദേഹത്തിന് പ്രധാന സ്ഥാനങ്ങളിലേക്ക് പരിഗണിക്കുകയും ചെയ്യുകയായിരുന്നു.

25ാം വയസ്സിൽ മന്ത്രിസഭയിലേക്ക്

ചെറുപ്രായത്തിൽ തന്നെ മന്ത്രിസഭയിൽ എത്തിയ ആളാണ് അബ്ദലാസിസ്. ബൗമെഡിനും ബെൻ ബെല്ലയും ഫ്രാൻസിൽ നിന്ന് അൾജീരിയയുടെ ഭരണം പിടിച്ചെടുത്തപ്പോൾ സ്പോർട്സ് മന്ത്രിയായി അബ്ദലാസിസിനെ നിയമിക്കുകയായിരുന്നു. 25ാം വയസ്സിലായിരുന്നു അദ്ദേഹം മന്ത്രിസഭയിലെത്തുന്നത്.

1963ൽ അദ്ദേഹം വിദേശകാര്യ മന്ത്രി പദവിയിലെത്തി. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വിദേശകാര്യ മന്ത്രി എന്ന റെക്കോർഡും അദ്ദേഹത്തിന് സ്വന്തമായി. ഇപ്പോഴും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദേശകാര്യ മന്ത്രി എന്ന റെക്കോഡ് അബ്ദലാസിസിന്റെ പേരിലാണ്.

Abdelaziz
യാസർ അറാഫതിനൊപ്പം | Photo: AFP

ജനറൽ അസംബ്ലി പ്രിസഡന്റ്

യുഎനിലെ സ്ഥിരാംഗം കൂടിയായിരുന്ന അദ്ദേഹം 1974ൽ ജനറൽ അസംബ്ലി പ്രസിഡന്റ് സ്ഥാനത്തെത്തി. ജനറൽ അസംബ്ലിയിലെ 29ാമത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം. 

1974ൽ ജനറൽ അസംബ്ലിയിൽ അദ്ദേഹം പ്രസിഡന്റ് ആയിരിക്കുമ്പോൾ പലസ്തീൻ പ്രസിഡന്റ് യാസർ അറാഫതിനെ യുഎൻ ഗവേണിംഗ് ബോഡിയുടെ മുമ്പിൽ അഡ്രസ്സ് ചെയ്യാൻ ക്ഷണിച്ചതും ശ്രദ്ധേയമാണ്. അതിന് മുമ്പ് അത്തരത്തിൽ ഒരു കീഴ്വഴക്കം ഉണ്ടായിരുന്നില്ല.

വർണവിവേചനം, നെൽസൺ മണ്ടേലയിൽ നിന്നുള്ള പ്രചോദനം, അതിഥിയായി എത്തിയ ചെ ഗുവേരയും

ചൈനയെ യുഎന്നിൽ ഉൾപ്പെടുത്തണമെന്നും സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള വർണ്ണ വിവേചനത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും അബ്ദലാസിസ് നിർബന്ധം പിടിച്ചിരുന്നു. അദ്ദേഹത്തിന്റെ ആദ്യ മിലിറ്ററി ട്രെയിനിങ്ങിന് അദ്ദേഹം കടപ്പെട്ടിരിക്കുന്നത് നെൽസൺ മണ്ടേലയോടാണ്.

1960 - 70 കാലഘട്ടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാട്ടം നടത്തുന്ന പോരാളികളെയും ഭിന്നിച്ചു നിൽക്കുന്നവരെയും അൾജീരിയയിലേക്ക് അതിഥികളായി സ്വാഗതം ചെയ്യുകയുണ്ടായി. ഇത്തരത്തിൽ എത്തിയവരിൽ ചെഗുവേര ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

Abdelaziz
Photo: AFP

മാറ്റിയെഴുതിയ ഭരണഘടന

2008ൽ സ്വന്തം ഇഷ്ടപ്രകാരം അധികാരത്തിലേറുന്നതിന് വേണ്ടി അൾജീരിയയുടെ ഭരണഘടന മാറ്റിയെഴുതാൻ അദ്ദേഹം മുൻകൈ എടുത്തു. രണ്ട് തവണ പ്രസിഡന്റ് സ്ഥാനം മതി എന്നത് ഭരണഘടനയിൽ നിന്ന് അദ്ദേഹം എടുത്ത് മാറ്റുകയായിരുന്നു.

2011ൽ വടക്കൻ ആഫ്രിക്കയിലെ പല ഭാഗങ്ങളിലും അറബ് വസന്തം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇതിനെ പ്രതിരോധിക്കാനെന്നോണം അബ്ദലസീസ് വളരെ പെട്ടെന്ന് തന്നെ പൊതു സബ്സിഡികൾ ഉയർത്തുകയായിരുന്നു. 

നീണ്ട നാല് വർഷങ്ങൾക്ക് ശേഷം പൊതുയിടത്തിൽ

2017ലാണ് അദ്ദേഹം പൊതുയോഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. സ്ട്രോക്ക് വന്നതിന് നാല് വർഷങ്ങൾക്ക് ശേഷമായിരുന്നു ഇത്. അൾജീരിയയിലെ മെട്രോ സ്റ്റേഷന്റെയും കെചൗ പള്ളിയുടേയും ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു അദ്ദേഹം നീണ്ട നാല് വർഷങ്ങൾക്ക് ശേഷം പൊതുയിടത്തിൽ പ്രത്യക്ഷപ്പെടുന്നത്. 

Algeria
അൾജീരിയയിലെ പ്രതിഷേധം | Photo: AFP

തുടർച്ചയായി മത്സരിക്കുന്ന പ്രസിഡന്റിനെതിരെ പ്രതിഷേധം

തുടർച്ചയായി അഞ്ചാം തവണയും മത്സരിക്കാനിരുന്ന അബ്ദലസീസിനെതിരേ രാജ്യത്ത് വൻ പ്രതിഷേധങ്ങളായിരുന്നു ഉയർന്നത്. കഴിഞ്ഞ ദശാബ്ദത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധ പ്രകടനങ്ങൾക്കായിരുന്നു അൾജീരിയ സാക്ഷ്യം വഹിച്ചത്. പ്രക്ഷോഭത്തിൽ അബ്ദലസീസിന്റെ മകൻ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Algeria
പ്രതിഷേധത്തെ തുടർന്ന് രാജി സമർപ്പിക്കുന്നു | Photo: AFP

80 വയസിലേറെയായ പ്രസിഡന്റിന് രാജ്യകാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്നും കുടുംബത്തിന്റെ താൽപര്യങ്ങളാണ് അദ്ദേഹത്തെ വീണ്ടും ഭരണത്തിലിരുത്തുക എന്നതുമായിരുന്നു പ്രക്ഷോഭക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്. പ്രതിഷേധത്തിന് പിന്നാലെ അദ്ദേഹം തീരുമാനത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു. 2019ൽ അദ്ദേഹം ഔദ്യോഗികമായി രാജിപ്രഖ്യാപിക്കുകയായിരുന്നു.

Content Highlights: Abdelaziz Bouteflika: Former Algerian president dies aged 84