ഇസ്ലാമാബാദ്; പാകിസ്താന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് നിറം കെടുത്തി ടിക് ടോക്കറായ യുവതിക്ക് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. പാകിസ്താന്റെ സ്വാതന്ത്യ ദിനമായ ഓഗസ്റ്റ് 14-ന് ഗ്രേറ്റര്‍ ഇക്ബാല്‍ പാര്‍ക്കിലാണ് സംഭവം. രാജ്യത്തെ പ്രധാനപ്പെട്ട സ്മാരകമായ മിനാരെ പാക്കിസ്താന്‍ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണിത്. 

യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിക്കുകയും ഇവരെ അന്തരീക്ഷത്തിലേക്ക് എടുത്തെറിയുകയും ചെയ്തു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നിരിക്കുന്നത്.  

'ആളുകള്‍ പിടിച്ച് ഉന്തുകയും എന്റെ വസ്ത്രം കീറാന്‍ ശ്രമിക്കുകയും ചെയ്തു. മറ്റ് ചില ആളുകള്‍ സഹായിക്കാനായി ശ്രമിച്ചെങ്കിലും നിരവധി പേരുണ്ടായിരുന്നതിനാല്‍ സാധിച്ചില്ല' യുവതി പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും വസ്തുക്കള്‍ കവര്‍ച്ച ചെയ്യപ്പെട്ടുവെന്നും യുവതി പറഞ്ഞു. യുവതിയുടെ കമ്മലുകള്‍, മോതിരം, ഒപ്പമുണ്ടായിരുന്ന ഒരാളുടെ ഫോണ്‍, ഐ.ഡി കാര്‍ഡ്, 15,000 രൂപ എന്നിവ കവര്‍ച്ച ചെയ്യപ്പെട്ടു.

മിനാരെ പാക്കിസ്താന് സമീപം യുവതിയും മറ്റ് ആറ് പേരും വീഡിയോ ചിത്രീകരിക്കുന്നതിനിടെ 300 പേരടങ്ങുന്ന സംഘമാണ് ഇവരെ ആക്രമിച്ചത്. യുവതിയും ഒപ്പം ഉണ്ടായിരുന്നവരും രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. സംഭവത്തില്‍ കണ്ടാല്‍ തിരിച്ചറിയാത്ത ഏതാനും പേര്‍ക്ക് എതിരെ ലാഹോര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

യുവതിയുടെ മാനത്തിന് കളങ്കം വരുത്തുകയും ശല്യം ചെയ്തവരെയും നിയമത്തിന് മുന്നിലെത്തിക്കുമെന്ന് പറഞ്ഞ ലാഹോര്‍ ഡി.ഐ.ജി. ഓപ്പറേഷന്‍സ് സാജിദ് കല്യാണി കുറ്റാരോപിതര്‍ക്ക് എതിരേ ഉടന്‍ നടപടിയെടുക്കണമെന്ന് എസ്.പിയോട് നിര്‍ദേശിച്ചു. 

Content Highlights: a women in park was assaulted by a group in independence day of pakisthan