Screengrab : Twitter Video
ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ വിക്ടോറിയ താഴേക്ക് പതിക്കാനാരംഭിക്കുന്ന ഭാഗത്ത് കമഴ്ന്നുകിടന്ന് ഒഴുക്കാസ്വദിക്കുന്ന ഒരു വിനോദസഞ്ചാരിയുടെ പതിനഞ്ച് സെക്കന്‍ഡ് മാത്രമുള്ള വീഡിയോ മൂന്ന് ദിവസത്തിനുള്ളില്‍ നേടിയത് ഒരുകോടിയിലേറെ വ്യൂസാണ്. വിനോദസഞ്ചാരത്തിനെത്തിയ യുവതിയാണ് ഇത്തരമൊരു സാഹസികതയ്ക്ക് മുതിര്‍ന്നത്.
വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ എല്ലാവര്ക്കും സാധിക്കുമെങ്കിലും സാഹസികത ഇഷ്ടപ്പെടുന്നവര്ക്കുമാത്രമേ വെള്ളച്ചാട്ടം താഴേക്ക് പതിക്കാന്‍ തുടങ്ങുന്ന ഭാഗത്ത് നില്‍ക്കാനുള്ള ധൈര്യം ലഭിക്കാറുള്ളൂ. അതുകൊണ്ടുതന്നെയാവണം ഈ വീഡിയോയ്ക്ക് സാമൂഹികമാധ്യമങ്ങളില്‍ ഇത്രത്തോളം സ്വീകാര്യത ലഭിച്ചത്.
വിയേഡ് ആന്‍ഡ് ടെറിഫൈയിങ് എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് വീഡിയോ ഷെയര്‍ ചെയ്തത്. "380 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിനൊപ്പം നില്‍ക്കുന്നത് വലിയൊരു സംഗതിയാണെന്ന് മനസിലായി (ഡെവിള്‍സ് പൂള്-വിക്ടോറിയ ഫോള്‍സ്)", എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്.
വീഡിയോ ക്ലിപ്പിന് പതിനായിരത്തോളം റിപ്ലേകളാണ് ലഭിച്ചിരിക്കുന്നത്. വീഡിയോയിലുള്ള യുവതിയുടെ കാലുകളില്‍ ചങ്ങലയിട്ടിട്ടുണ്ടോയെന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യം. ഫോട്ടോയെടുക്കാനും മറ്റുമായി ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്ത് അപകടത്തിലേക്ക് നീങ്ങരുതെന്ന് മറ്റൊരാള്‍ മുന്നറിയിപ്പ് നല്കി. ഇത്തരത്തിലൊന്നിന് മുതിരാന്‍ തനിക്ക് താത്പര്യമില്ലെന്നായി മറ്റൊരാള്‍. എന്തായാലും വീഡിയോ വൈറലായിക്കഴിഞ്ഞു.
വെള്ളച്ചാട്ടം ആദ്യമായി തിരിച്ചറിഞ്ഞ ഡേവിഡ് ലിവിങ്സ്റ്റണ് ആണ് വിക്ടോറിയ എന്ന പേര് നല്‍കിയത്. ബ്രിട്ടീഷ് രാജ്ഞിയോടുള്ള ആദരസൂചകമായിരുന്നു ഈ നാമകരണം. സാംബിയ-സിംബാബ്വെ അതിര്‍ത്തിയിലാണ് ബൃഹത്തായ വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. വെള്ളച്ചാട്ടം കാണാനെത്തുന്നതിനുപരിയായി വിക്ടോറിയ താഴേക്ക് പതിക്കുന്ന ഭാഗത്തെ ഡെവിള്‍സ് പൂളില്‍ നീന്തുന്നതും പൂളിന്റെ അരികിലെ ഡെവിള്‍സ് ആംചെയര്‍ എന്ന പാറക്കെട്ടിലിരിക്കുന്നതും ആസ്വദിക്കാനെത്തുന്ന ധാരാളം വിനോദസഞ്ചാരികളുണ്ട്.
Content Highlights: A Woman Leaning Over Edge Of Victoria Falls, Viral Video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..