ലോസ് ആഞ്ചല്‍സ്: റെയില്‍വേ ട്രാക്കില്‍ ഇടിച്ചിറങ്ങിയ വിമാനത്തില്‍ നിന്ന് പൈലറ്റിനെ സാഹസികമായി രക്ഷിച്ച് ലോസ് ആഞ്ചലിസ്‌ പോലീസ്. അപകടത്തില്‍പ്പെട്ട് ട്രാക്കില്‍ക്കിടന്ന വിമാനത്തെ അതേ ട്രാക്കിലൂടെ അതിവേഗത്തിലെത്തിയ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പാണ് പോലീസ് സംഘം പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. ലോസ് ആഞ്ചലിസ്‌ പോലീസ് ട്വിറ്ററില്‍ പങ്കുവെച്ച രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡികളില്‍ ഇതിനോടകം വൈറലായി. 

ലോസ് ആഞ്ചലിസിലെ വൈറ്റ്മാന്‍ വിമാനത്താവളത്തിന്‌ സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് സംഭവം. വിമാനത്താവളത്തിന് സമാന്തരമായി പോകുന്ന റെയില്‍വേ ട്രാക്കിലാണ് ചെറുവിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ പരിക്കേറ്റ് ചോരവാര്‍ന്നുകിടന്ന പൈലറ്റിനെ വിമാനത്തില്‍നിന്ന് പുറത്തെടുത്ത് നിമിഷങ്ങള്‍ക്കകം ട്രാക്കിലൂടെ പാഞ്ഞെത്തിയ ട്രെയിന്‍ വിമാനത്തെ ഇടിച്ചുതെറിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. പോലീസുകാരന്റെ ദേഹത്ത് ഘടിപ്പിച്ച ക്യാമറയിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. 

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ള പൈലറ്റ് അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. സ്വന്തം ജീവന്‍ പോലും അപകടത്തില്‍പ്പെടുത്തി ധീരവും സമയോചിതവുമായ ഇടപെടലിലൂടെ പൈലറ്റിന്റെ ജീവന്‍ രക്ഷിച്ച പോലീസുകാരെ പ്രശംസിച്ച് നിരവധി പേര്‍ ലോസ് ആഞ്ചലിസ്‌ പോലീസിന്റെ ട്വീറ്റിന് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. 

'എല്ലാം വളരെ പെട്ടെന്നായിരുന്നു. ആലോചിച്ച് നില്‍ക്കാന്‍ അധികം സമയമുണ്ടായിരുന്നില്ല. പൈലറ്റിനെ സുരക്ഷിതമായി പുറത്തെത്തിക്കണമെന്ന് മാത്രമാണ് ആ സമയത്ത് ചിന്തിച്ചത്. കുതിച്ചുവരുന്ന ട്രെയിനിനെ തിരിഞ്ഞുനോക്കാന്‍ പോലും തോന്നിയിരുന്നില്ല'- രക്ഷാപ്രവര്‍ത്തന സംഘത്തിലുണ്ടായിരുന്ന പോലീസുകാരനായ ഡാമിയന്‍ കാസ്‌ട്രോ പറഞ്ഞു. 

content highlights: A plane crashed, then was smashed by a train. pilot was rescued just in time