കര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന് വേണ്ടി പോരാടുന്ന, ദേഹമാസകലം പൊടി പുരണ്ട രണ്ട് പെണ്‍കുട്ടികള്‍, അവരുടെ പിന്നില്‍ പാതി ജീവനില്‍ മറ്റൊരു പെണ്‍കുട്ടി, അവരെ നോക്കി നിസ്സഹായമായി നിലവിളിക്കുന്ന ഒരാള്‍- സിറിയയിലെ യുദ്ധത്തിന്റെ ഭീകരതയുടെ ഈ നേര്‍ചിത്രമാണ് കഴിഞ്ഞ രണ്ട് ദിസങ്ങളായി ലോകത്തിന്റെ ഹൃദയം നോവിക്കുന്നത്. സ്വന്തം മക്കളെ യുദ്ധം തട്ടിയെടുത്തേക്കുമെന്ന ഭീതിയാണ് കുട്ടികളുടെ പിന്നില്‍ നില്‍ക്കുന്ന പിതാവിന്റെ നിലവിളിയില്‍ പ്രതിഫലിക്കുന്നത്‌.

ഏഴുമാസം മാത്രം പ്രായമുള്ള അനുജത്തി ടുക്വയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അഞ്ച് വയസുകാരിയായ റെഹമിന്റെ മനസാന്നിധ്യത്തെ നാമറിയാതെ അഭിനന്ദിക്കും. കുഞ്ഞനിയത്തിയുടെ പച്ചക്കുപ്പായത്തില്‍ വിടാതെ പിടിച്ചിരിക്കുന്ന അവളുടെ കുഞ്ഞുകരങ്ങള്‍ ആ നേരത്ത് ശക്തമായിരുന്നെങ്കിലും തലയ്‌ക്കേറ്റ ഗുരുതരപരിക്കിനെ തുടര്‍ന്ന് പിന്നീടവള്‍ മരണത്തിന് കീഴടങ്ങി. ടുക്വ ചെറിയ പരിക്കുകളോടെ ചികിത്സയിലാണ്. ഇവരുടെ കൂടപ്പിറപ്പായ റവാനും പരിക്കുകളെ അതിജീവിച്ചില്ല. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച അവള്‍ മരിച്ചു. കുട്ടികളുടെ മാതാവും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

യുദ്ധത്തിന്റെ ഭീകരത വിളിച്ചോതുന്ന നിരവധി ചിത്രങ്ങള്‍ നമ്മുടെ കണ്‍മുന്നിലെത്താറുണ്ടെങ്കിലും മനസില്‍ അനുതാപവും ആശങ്കയും നിറയ്ക്കുന്ന ദയനീയമായ ചിത്രമായി ഈ ഫോട്ടോയും മാറി. മനുഷ്യമനസാക്ഷിയ്ക്ക് ഒരിക്കലും മാപ്പ് നല്‍കാനാവാത്ത യുദ്ധത്തിന്റെ ഭീതിദമായ  ഫോട്ടോ സിറിയന്‍ പട്ടണത്തിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ നിന്ന് പ്രാദേശിക മാധ്യമമായ എസ് വൈ 24 ആണ് പകര്‍ത്തിയത്. 

നിഷ്‌കളങ്കരായ കുട്ടികളെ വെുതെ വിടണമെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും സന്നദ്ധ സംഘടനകളുടേയും നിരന്തര ആവശ്യം തള്ളിക്കളയുന്ന തരത്തിലാണ് കഴിഞ്ഞ എട്ട് വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര യുദ്ധം. ഭീകരസംഘടനയുടെ സംരക്ഷണയിലാണ് ഇദ്‌ലിബ് പ്രവിശ്യ. ഈ പ്രദേശത്ത് ഭരണകൂടവും സഖ്യകക്ഷിയായ റഷ്യയും വ്യോമാക്രമണങ്ങള്‍ നടത്തുന്നത് പതിവ് സംഭവമായിത്തീര്‍ന്നിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ 450 പേര്‍ കൊല്ലപ്പെട്ടിട്ടുള്ളതായി ഐക്യരാഷ്ട്രസംഘടനാ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ നൂറോളം പേര്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 

 

Content Highlights: A Haunting Photo Of Children Trying To Save Baby Sister In Syria