ന്യൂയോര്‍ക്ക്: വിമാനയാത്രയില്‍ മൂത്രമൊഴിക്കാന്‍ കഴിയാതെ ഗുരുതരാവസ്ഥയിലായ വയോധികനെ രക്ഷിച്ചത് ഡോക്ടറുടെ അവസരോചിതമായ ഇടപെടല്‍. ചൈനയില്‍നിന്നുള്ള വാസ്‌കുലര്‍ സര്‍ജനായ ഷാങ് ഹോങാണ് കൃത്യസമയത്തുള്ള ഇടപെടലിലൂടെ സഹയാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത്. വായ ഉപയോഗിച്ച് മൂത്രം പുറത്തേക്ക് വലിച്ചെടുത്താണ് ഷാങ് വയോധികനെ രക്ഷപ്പെടുത്തിയത്. 

ഗ്വാങ്ഷുവിൽ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന ചൈന സതേണ്‍ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം.

യാത്രക്കാരിൽ ഒരാളായ വയോധികന് മൂത്രതടസ്സം നേരിടുന്നതായും സ്ഥിതി ഗുരുതരമാണെന്നും ക്യാബിന്‍ ക്രൂവാണ് വിവരം അറിയിച്ചത്. ഉടനെ ചികിത്സിക്കാൻ താന്‍ സന്നദ്ധനാണെന്ന് ഷാങ് അറിയിച്ചു. നേരം കളയാതെ പരിശോധിക്കുകയും ചെയ്തു.  മൂത്രമൊഴിക്കാന്‍ കഴിയാതിരുന്ന വയോധികന്റെ മൂത്രാശയത്തില്‍ ഏകദേശം ഒരുലിറ്ററോളം മൂത്രമുണ്ടായിരുന്നു. 

സ്ഥിതി ഗുരുതരമാണെന്ന് മനസിലാക്കിയതോടെ മൂത്രം പുറത്തെടുക്കാനായി ഡോക്ടറുടെ ശ്രമം. ഇതിനായി വിമാനത്തില്‍ ലഭ്യമായിരുന്ന ഓക്‌സിജന്‍ മാസ്‌ക്, സിറിഞ്ച്, സ്‌ട്രോ തുടങ്ങിയവ ഉപയോഗിച്ച് ഷാങ് ഒരു ഉപകരണം നിര്‍മിച്ചു. ഇതിലൂടെ സിറിഞ്ച് ഉപയോഗിച്ച് മൂത്രം വലിച്ചെടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ അത് പ്രാവര്‍ത്തികമാകില്ലെന്ന് കണ്ടതോടെ ഷാങ് തന്നെ വായ ഉപയോഗിച്ച് മൂത്രം വലിച്ചെടുക്കുകയായിരുന്നു. 

37 മിനിറ്റുകൊണ്ട് ഏകദേശം 800 മില്ലിലിറ്റര്‍ മൂത്രം ഇങ്ങനെ വലിച്ചെടുത്തെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തത്. വിമാനത്താവളത്തിലെത്തിയതിന് ശേഷം വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിമാനത്തില്‍ സഹയാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച ഷാങ്ങിന്റെ വാര്‍ത്ത പുറത്തുവന്നതോടെ സാമൂഹികമാധ്യമങ്ങളിലടക്കം നിരവധിപേര്‍ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തി. 

 

Content Highlights: a doctor from china saves travelers life in flight by sucking urine from bladder