'യുദ്ധം ജയിച്ചു, തേടിയത് ഞങ്ങള്‍ നേടി, രാജ്യത്തിന്റേയും ജനങ്ങളുടേയും സ്വാതന്ത്ര്യമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്'-അഫ്ഗാനിസ്താനില്‍ ആധിപത്യം ഉറപ്പിച്ച ശേഷം താലിബാന്‍ പ്രതികരിച്ചത് ഇങ്ങനെ. യുദ്ധം ജയിക്കുക എന്നത് ആഹ്‌ളാദിക്കേണ്ടതിന്റേയും ആഘോഷിക്കേണ്ടതിന്റേയും സന്ദര്‍ഭം തന്നെ. അഫ്ഗാനികളും ഇതരരാജ്യക്കാരും സുരക്ഷിതത്വം തേടി നെട്ടോട്ടമോടുമ്പോള്‍ താലിബാന്‍ അംഗങ്ങള്‍ വിജയാഘോഷത്തിലാണെന്ന് സൂചിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും പുറത്തു വന്നു തുടങ്ങിയിരിക്കുന്നു. 

ജനങ്ങളുടെ പലായനത്തിനിടെ തലസ്ഥാനനഗരമായ കാബൂളില്‍ അഫ്ഗാന്‍ പോരാളികള്‍ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡുകള്‍ എന്‍ജോയ് ചെയ്യുന്നതിന്റെ വീഡിയോ ഹമീദ് ഷാലിസി എന്ന ട്വിറ്റര്‍ ഉപയോക്താവാണ് പങ്കു വെച്ചിരിക്കുന്നത്. പാര്‍ക്കിലെ കാറുകളില്‍ കുട്ടികളെ പോലെ സന്തോഷിക്കുകയാണവര്‍. രാജ്യം പിടിച്ചെടുമ്പോള്‍ ഏത് തീവ്രവാദിക്കും എല്ലാം സ്വന്തമാണല്ലോ.

റൈഡില്‍ മുഴുകുന്നവരില്‍ ചിലരുടെ പക്കല്‍ തോക്കുകളുമുണ്ട്. ഹമീദ് ഷാലിസി പങ്കു വെച്ച മറ്റൊരു വീഡിയോയില്‍ പാര്‍ക്കിലെ കളിക്കുതിരകളില്‍ ഇടം പിടിച്ച് ആഹ്ലാദിക്കുന്നവരുമുണ്ട്. 

അഫ്ഗാനില്‍ നിലനില്‍ക്കുന്ന ഭീകരാന്തരീക്ഷത്തില്‍ നിന്ന് തികച്ചും വിപരീതമായ സാഹചര്യത്തില്‍ കാണപ്പെടുന്ന താലിബാന്‍ തീവ്രവാദികള്‍ വീഡിയോ കാണുന്നവരെ അമ്പരപ്പിക്കുന്നു. വിമാനത്താവളത്തിലേക്ക് ഇരച്ചെത്തുന്നവരും റണ്‍വേയിലൂടെ കിതച്ചോടുന്നവരും വിമാനങ്ങളില്‍ തൂങ്ങി രക്ഷപെടാന്‍ ശ്രമിക്കുന്നവരും വീണുമരിച്ചവരുടെ കാഴ്ചകളും നൊമ്പരമുണര്‍ത്തുമ്പോള്‍ ആഘോഷത്തിമിര്‍പ്പില്‍ മുഴുകുന്ന താലിബാന്‍ അംഗങ്ങള്‍ അമ്പരിപ്പിക്കുന്ന കാഴ്ച തന്നെയാണ്.

 

Content Hoghlights: A day after taking over Kabul, Taliban enjoy at amusement park