ബെയ്ജിങ്:  മാസങ്ങളായി തുടരുന്ന ശ്വാസതടസവും അതുസംബന്ധിച്ച പ്രയാസങ്ങളുമായി ഡോക്ടറെ കാണിക്കാന്‍ എത്തിയതായിരുന്നു കിഴക്കന്‍ ചൈന സ്വദേശിയായ വാങ്. സാധാരണയായ എന്തെങ്കിലും അസുഖമാകും ശ്വാസതടസത്തിന് കാരണമെന്നാണ് ആ സമയം വരെ അയാളും വിശ്വസിച്ചിരുന്നത്. എന്നാല്‍ ഡോക്ടര്‍മാരുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സിടി സ്‌കാന്‍ റിപ്പോര്‍ട്ട് കൂടി കണ്ടപ്പോള്‍ വാങ് ശരിക്കും ഞെട്ടി. തന്റെ ശ്വാസകോശത്തില്‍ ജീവനുള്ള നിരവധി വിരകളെ സ്‌കാനിങ്ങിലൂടെ കണ്ടപ്പോഴാണ് വാങ്ങിന്റെ കണ്ണുതള്ളിയത്. 

സ്ഥിരമായി വേവിക്കാത്തെ മാംസവിഭവങ്ങളും വൃത്തിഹീനമായ വെള്ളവും കുടിക്കുന്നവരില്‍ കാണുന്ന അണുബാധയാണ് വാങ്ങിനും സംഭവിച്ചതെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. പാരഗോണിമിയാസിസ് എന്ന ഈ രോഗാവസ്ഥയ്ക്ക് പ്രധാനകാരണം വേവിക്കാതെ കഴിക്കുന്ന കടല്‍വിഭവങ്ങളാണ്. സ്ഥിരമായി ജീവനുള്ള ഒച്ചുകളെയും പാമ്പുകളെയും കഴിച്ചിരുന്നയാളായിരുന്നു വാങ്ങ്. 

വാങ്ങിന്റെ സിടി സ്‌കാന്‍ റിപ്പോര്‍ട്ട് കണ്ടതോടെ തന്നെ ഇയാളുടെ ഭക്ഷണരീതികളെക്കുറിച്ച് ഡോക്ടര്‍മാര്‍ ചോദിച്ചറിഞ്ഞിരുന്നു. ഒച്ചുകളും ക്രേഫിഷുകളുമാണ് തന്റെ പതിവ് ഭക്ഷണമെന്നായിരുന്നു വാങ്ങിന്റെ മറുപടി. മാത്രമല്ല, പാമ്പിന്റെ പിത്താശയവും ഇയാള്‍ കഴിച്ചിരുന്നു. മതിയായ രീതിയില്‍ വേവിക്കാതെയാണ് ഇതെല്ലാം വാങ്ങ് അകത്താക്കിയിരുന്നത്. ഇത്തരത്തിലുള്ള വിഭവങ്ങളില്‍ അടങ്ങിയിരിക്കുന്ന വിരകളുടെ മുട്ടകളാണ് അണുബാധയ്ക്ക് കാരണമായതെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. 

ചൈനയിലെ പല മാര്‍ക്കറ്റുകളിലും വേവിക്കാത്ത കടല്‍വിഭവങ്ങള്‍ക്കും പാമ്പ് പോലുള്ളവയുടെ ഇറച്ചിക്കും നിരവധി ആവശ്യക്കാരാണുള്ളത്. അടുത്തിടെ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പല മാര്‍ക്കറ്റുകളിലും ഇത്തരത്തിലുള്ള കടല്‍വിഭവങ്ങളുടെ വിപണനം നിര്‍ത്തിവെച്ചിരുന്നു. 

Content Highlights: a chinese man's lungs filled with worms