പ്രതീകാത്മക ചിത്രം | Photo: REUTERS/Alyson McClaran
ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കല്‍. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ് തങ്ങളുടെ കാൻഡി കമ്പനിയിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചിരിക്കുന്നത്.
കാനഡയിലെ കാൻഡി ഫൺഹൗസ് എന്ന സ്ഥാപനത്തിലേക്ക് ചീഫ് കാൻഡി ഓഫീസർ തസ്തികയിലേക്കാണ് കമ്പനി ഉദ്യോഗാർഥികളെ ക്ഷണിച്ചിരിക്കുന്നത്. ഒന്റാരിയോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി ലിങ്ക്ഡ് ഇൻ വഴിയായിരുന്നു ഉദ്യോഗാർഥികളെ ക്ഷണിച്ച് പരസ്യം ചെയ്തത്. 1,00,000 കനേഡിയൻ ഡോളറാണ് (61,33,863 ഇന്ത്യൻ രൂപ) വാർഷിക ശമ്പളമായി കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. പോപ് സംസ്കാരം, കാൻഡിയോടും മധുരപലഹാരങ്ങളോടുള്ള അഭിനിവേശമാണ് ഈ തസ്തികയ്ക്ക് ആവശ്യമെന്നാണ് കമ്പനി അറിയിക്കുന്നത്.
ഓരോ മസത്തിലും കമ്പനി നിർമ്മിക്കുന്ന 3500 കാൻഡി ഉത്പന്നങ്ങൾ രുചിച്ച് അഭിപ്രായങ്ങൾ അറിയിക്കുക എന്നതാണ് ജോലി. ഇതിനകം തന്നെ 6500ലേറെ പേർ ലിങ്ക്ഡ് ഇൻ വഴി അപേക്ഷിച്ചിട്ടുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്.
ചീഫ് കാൻഡി ഓഫീസറായി തിരഞ്ഞെടുക്കുന്ന ആൾക്ക് വീട്ടിലിരുന്ന് ദിവസവും ജോലി ചെയ്യാം, അല്ലെങ്കിൽ പാർട് ടൈം ആയും ജോലി ചെയ്യാനുള്ള അവസരമുണ്ട്. അഞ്ച് വയസിനു മുകളിലുള്ള, വടക്കേ അമേരിക്കയിൽ താമസിക്കുന്നവരേയാണ് ഈ തസ്തികയിലേക്ക് കമ്പനി പരിഗണിക്കുന്നത്. ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
എന്നാൽ നിരന്തരം ഇത്തരത്തിൽ മധുരം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..