ലക്ഷണക്കണക്കിന് ജനങ്ങളുടെ വിവരങ്ങൾ അടങ്ങുന്ന തദ്ദേശമല്ലാത്ത ഏത് ആപ്ലിക്കേഷനും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി പരിഗണിക്കുമെന്ന് ഫെയ്സ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ്. ടിക്ടോക് അടക്കമുള്ള ആപ്പുകൾക്ക് സംഭവിക്കുന്നത് ഇതാണെന്നും സുക്കർബർഗ് പറഞ്ഞു.
ഏതെങ്കിലും അമേരിക്കൻ കമ്പനി ഏറ്റെടുക്കാത്തപപക്ഷം ടിക്ടോകിന് പൂർണ നിരോധനം ഏർപ്പെടുത്തുമെന്ന് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. ഇത് സംബന്ധിച്ച് ഫെയ്സ്ബുക്ക് ടിക്ടോകിനെ സ്വന്തമാക്കുമോ എന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ അത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നായിരുന്നു സുക്കർബർഗ് പറഞ്ഞത്. ടിക്ടോകിന്റെ നിലവിലുള്ള അസാധാരണ സാഹചര്യത്തിൽ അത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനില്ല. എന്നാൽ യുഎസ്സിൽ ടിക്ടോകിന് നിരോധനം ഏർപ്പെടുത്തിയത് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനാൽ ടിക്ടോകുമായുള്ള എല്ലാ ഡീലുകളും ഏറെ ശ്രദ്ധയോടെ മാത്രമേ കൈകാര്യം ചെയ്യാനാവൂ എന്നും അദ്ദേഹം വിശദീകരിച്ചു.
ടിക്ടോകിന്റെ പതിപ്പായ റീൽസ് കഴിഞ്ഞ ദിവസമാണ് ഫെയ്സ്ബുക്ക് അമേരിക്കയിൽ ലോഞ്ച് ചെയ്തത്. ടിക്ടോക് നിരോധനത്തിലൂടെ ലഭിക്കുന്ന ഉപഭോക്താക്കളെ റീൽസിലൂടെ തിരിച്ചുപിടിക്കാമെന്നാണ് പലരുടേയും കണക്കുകൂട്ടൽ. എന്നാൽ ഈ വർഷം തക്കതായ ലാഭം കമ്പനി പ്രതീക്ഷിക്കുന്നില്ലെന്നും സുക്കർബർഗ് പറഞ്ഞു.
Content Highlights: A ban on TikTok will set a really bad long-term precedent says Zuckerberg