റീന ഛിബ്ബർ വർമ
1947 ഓഗസ്റ്റ് 14-ലെ ആ നിര്‍ഭാഗ്യകരമായ ദിവസം, രണ്ട് സഹോദരിമാര്‍ക്കും കുടുംബ സുഹൃത്തുക്കളുടെ മൂന്ന് ആണ്‍കുട്ടികള്‍ക്കും അവളുടെ അമ്മയ്ക്കും ചെറിയ സഹോദരനുമൊപ്പം കിലോമീറ്ററുകള്‍ താണ്ടി നടക്കുമ്പോള്‍ ആ പതിനഞ്ചുകാരിക്ക് അറിയില്ലായിരുന്നു ജന്മദേശം എന്നെന്നേക്കുമായി വിട്ടുപോകുകയാണെന്ന കാര്യം. റീന ഛിബ്ബര്‍ വര്‍മ എന്ന ആ പതിനഞ്ചുകാരി ഇന്ന് 90-കാരിയാണ്. താന്‍ ജനിച്ചുവളര്‍ന്ന നാട് കാണാനുള്ള അവരുടെ ദീര്‍ഘകാല ആഗ്രഹം 75 വര്‍ഷത്തിന് ശേഷം യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്. വിഭജനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ റീന ഛിബ്ബര്‍ വര്‍മക്ക് റാവല്‍പിണ്ടിയിലെ തന്റെ ജന്മവീട് ഒരിക്കല്‍ കൂടി കാണാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. പാകിസ്താന് സര്‍ക്കാര്‍ വിസ അനുവദിച്ചതോടെ കഴിഞ്ഞ ദിവസം വാഗാ അതിര്‍ത്തി കടന്ന് അവര്‍ പാകിസ്താനിലെത്തി.
റാവല്‍പിണ്ടിയിലെത്തുന്ന അവര്‍ തന്റെ പൂര്‍വ്വിക വസതിയായ പ്രേം നിവാസും അവളുടെ സ്കൂളും ബാല്യകാല സുഹൃത്തുക്കളെയും സന്ദര്‍ശിക്കും.
വിഭജനം നടക്കുമ്പോള്‍ തന്റെ കുടുംബം റാവല്‍പിണ്ടിയിലെ ദേവി കോളേജ് റോഡിലായിരുന്നു താമസിച്ചിരുന്നതെന്ന് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ ഡല്‍ഹിയില്‍ താമസമാക്കിയ റീന ഛിബ്ബര്‍ വര്‍മ പറയുന്നു.
'മോഡേണ്‍ സ്കൂളിലാണ് ഞാന്‍ പഠിച്ചിരുന്നത്. എന്റെ നാല് സഹോദരങ്ങളും അതേ സ്കൂളില്‍ തന്നെയായിരുന്നു. എന്റെ സഹോദരനും ഒരു സഹോദരിയും മോഡേണ്‍ സ്കൂളിന് സമീപമുള്ള ഗോര്‍ഡന്‍ കോളേജിലാണ് പഠിച്ചത്' വീഡിയോയില്‍ അവര്‍ ഓര്‍ത്തെടുത്തു.
'തന്റെ പിതാവ് ഒരു പുരോഗമന ചിന്താഗതിയുള്ള ആളായതിനാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കണ്ട് മുട്ടുന്നതോ കൂടിക്കാഴ്ച നടത്തുന്നതോ പ്രശ്നമുണ്ടായിരുന്നില്ല. എന്റെ മൂത്ത സഹോദരങ്ങള്‍ക്ക് ധാരാളം മുസ്ലീം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവര്‍ വീട്ടില്‍ വന്നുപോകാറുണ്ടായിരുന്നു. വിഭജനത്തിന് മുമ്പ് ഹിന്ദു-മുസ്ലിം എന്ന തരത്തിലുള്ള പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. വിഭജനത്തിന് ശേഷമാണ് ഇത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടായത്. വിഭജനം തെറ്റായിരുന്നെങ്കിലും അത് സംഭവിച്ചുകഴിഞ്ഞു. ഇരുരാജ്യങ്ങളും വിസാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയാണ് ഇനി വേണ്ടത്' അവര്‍ പറഞ്ഞു.
ഇന്ത്യയിലെത്തിയ ശേഷം ഹിമാചല്‍ പ്രദേശിലായിരുന്നു റീന ഛിബ്ബര്‍ വര്‍മയും കുടുംബവും ആദ്യ തങ്ങിയത്. അവിടെ നിന്ന് ഹരിയാണയിലേക്കും പിന്നീട് പുണെയിലേക്ക് മാറി. ഇപ്പോള്‍ ഡല്‍ഹിലാണ് സ്ഥിരതാമസം. ഡല്‍ഹിയില്‍ അനവധി കുടിയേറ്റ കുടുംബങ്ങളെ കണ്ടതോടെയാണ് ജന്മസ്ഥലം കാണാനുള്ള അവരുടെ ആഗ്രഹം വര്‍ധിപ്പിച്ചത്.
സെന്‍ട്രല്‍ കോട്ടേജ് ഇന്ഡസ്ട്രീസില് ജോലിചെയ്യുമ്പോഴാണ് ആദ്യം ശ്രമം നടത്തിയത്. പാകിതാനിലേക്ക് പോകുന്ന സിഖ് ജാഥയ്ക്ക് അപേക്ഷിച്ച ഒരു സുഹൃത്ത് അവര്‍ക്കുണ്ടായിരുന്നു. 'ഞാനും അവളോടൊപ്പം അപേക്ഷിച്ചു. 1965-ല്‍ ഇന്ത്യ-പാക് യുദ്ധം നടന്ന വര്‍ഷമായിരുന്നു അത്. അക്കാലത്ത് പാസ്പോര്ട്ടുകള് പാകിസ്താനിലേക്ക് പോകാന്‍ മാത്രമായിരുന്നു. ഞാനും പാസ്പോര്‍ട്ട് ഉണ്ടാക്കി, ഇപ്പോഴും ഉണ്ട്. അവസാന നിമിഷം, എന്റെ സുഹൃത്തിനും അവളുടെ കുടുംബത്തിനും പോകാന്‍ കഴിഞ്ഞില്ല, എനിക്കും യാത്ര ഉപേക്ഷിക്കേണ്ടിവന്നു' റീന പറഞ്ഞു.
രണ്ടാമതൊരു അവസരം ലഭിച്ചു, ഇസ്ലാമാബാദില് വിദേശ സര്‍വീസില്‍ ഒരു അടുത്ത കുടുംബ സുഹൃത്തിനെ നിയമിച്ചപ്പോള്‍, അദ്ദേഹം എന്നെ ക്ഷണിച്ചു, പക്ഷേ അന്ന് കുട്ടികള്‍ വളരെ ചെറുപ്പമായിരുന്നു, എന്റെ ഭര്‍ത്താവ് ഞാന്‍ പോകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചു. ആ അവസരവും നഷ്ടമായി.
മറ്റൊരു അവസരം ലഭിച്ചത് പാകിസ്താനില്‍ വെച്ച് നടന്ന ക്രിക്കറ്റ് മത്സരത്തിനിടയിലാണ്. ഇംഗ്ലണ്ട് പാകിസ്താന് മത്സരം കാണുന്നതിനായി ഇന്ത്യക്കാര്‍ക്ക് താത്കാലിക വിസ അനുവദിച്ചിരുന്നു. എല്ലാ ദിവസവും രാവിലെ ലാഹോറില്‍ പോയി കളി കണ്ട് വൈകീട്ട് അമൃത്സറില് തിരിച്ചെത്തുക എന്നത് മാത്രമായി അത് ചുരുങ്ങി. ലാഹോറില്‍ നിന്ന് 360 കിലോമീറ്റര്‍ അകലെയുള്ള റാവല്‍പിണ്ടിയില്‍ കാല് കുത്താന്‍ അന്നും സാധിച്ചില്ല' റീന ഛിബ്ബര്‍ വര്‍മ പറഞ്ഞു.
തുടര്‍ന്ന് കോവിഡ് കാലത്ത് വീട്ടില്‍ ഒതുങ്ങിയപ്പോള്‍ കമ്പ്യൂട്ടര്‍ ഉപയോഗം പഠിച്ചെടുത്ത റീന സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി. തന്റെ കുട്ടികാലവും വീടും സംബന്ധിച്ച ഓര്‍മകള്‍ ഇന്ത്യ-പാകിസ്താന് ഹെറിറ്റേജ് ഗ്രൂപ്പില്‍ അവര്‍ പങ്കുവെച്ചു. സജ്ജാദ് ഹൈദര്‍ എന്ന പാകിസ്താന് പൗരന് ഇവരുടെ പോസ്റ്റുകളില്‍ ശ്രദ്ധയാകര്‍ശിച്ചു. തുടര്‍ന്ന് അയാള്‍ റാവല്‍പിണ്ടിയിലുള്ള റീനയുടെ തറവാട് വീടിന്റെ ചിത്രങ്ങളും വീഡിയോകളും അയച്ചു നല്കി. ഇതോടെ ആഗ്രഹം മൂത്ത റീന മകള്‍ സൊണാലിയുടെ സഹായത്തോടെ വിസക്കായി അപേക്ഷ നല്കി. എന്നാല്‍ അത് തള്ളി. ഇതും അവര്‍ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ചു.
ഇത് ശ്രദ്ധയില്‍പ്പെട്ട പാകിസ്താനി മാധ്യമപ്രവര്ത്തകന് ബീനിഷ് സിദ്ദിഖ് ഒരു വീഡിയോ അപ്ലോഡ് ചെയ്യാന്‍ നിര്‍ദേശം നല്കി. പാകിസ്താന് വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖറിനെ ടാഗ് ചെയ്ത് ഈ വീഡിയോ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് നടന്ന ഇപടെലിലാണ് മൂന്ന് മാസത്തെ വിസ അവര്‍ക്ക് അനുവദിച്ചുകിട്ടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..