ന്യൂയോര്‍ക്ക്: തൊണ്ണൂറുകാരനായ മുന്‍ അമേരിക്കന്‍ സെനറ്റര്‍ ഹാരിസ് വോഫോര്‍ഡ് സ്വവര്‍ഗ വിവാഹത്തിനൊരുങ്ങുന്നു. വോഫോര്‍ഡ് തന്നെയാണ് ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

തന്നെക്കാള്‍ 50 വയസ്സുകുറവുള്ള മാത്യു ചാള്‍ട്ടന്‍ എന്നയാളെയാണ് വോഫോര്‍ഡ് വിവാഹം ചെയ്യുന്നത്. 20 വര്‍ഷം മുമ്പാണ്  വോഫോര്‍ഡിന്റെ ഭാര്യ മരിച്ചത്. ഡെമോക്രാറ്റിക് നേതാവായ വോഫോര്‍ഡ് ജോണ്‍ എഫ് കെന്നഡിയുടെയും മാര്‍ട്ടിന്‍ ലുഥര്‍ കിങ്ങ് ജൂനിയറുടേയും മുഖ്യ ഉപദേശകനായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്.

'ലൈംഗികതയുടെ കാര്യത്തില്‍ നമ്മുടെ സമൂഹം പലവിധത്തില്‍ ആളുകളെ അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. ഞാന്‍ സ്‌നേഹിക്കുന്നയാളുടെ ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ എന്നെ ഞാന്‍ ഒരു വിഭാഗത്തിലും ഉള്‍പ്പെടുത്തില്ല. അമ്പതുവര്‍ഷത്തോളം ഒരു മികച്ച വനിതയ്‌ക്കൊപ്പമായിരുന്നു എന്റെ വിവാഹ ജീവിതം. വീണ്ടും സന്തോഷം കണ്ടെത്താനായതില്‍ ഞാന്‍ ഭാഗ്യവാനാണ്.' വോഫോര്‍ഡ് പറയുന്നു. 

1996ല്‍ രക്താര്‍ബുദത്തെ തുടര്‍ന്നാണ് വോഫോര്‍ഡിന്റെ ഭാര്യ ക്ലെയര്‍ മരിച്ചത്. ഇവരുമായുള്ള ബന്ധത്തെ കുറിച്ചും വോഫോര്‍ഡ് എഴുതുന്നുണ്ട്. ഇത്രയും പ്രായമായ തനിക്ക് ഇനിയൊരു പ്രണയബന്ധം സാധ്യമാകുമെന്ന് വിചാരിച്ചിരുന്നില്ല എന്നാല്‍ ഭാര്യയുടെ മരണം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം ചാള്‍ട്ടനെ കണ്ടുമുട്ടിയതോടെ ആ ധാരണ മാറിയെന്നും ചാള്‍ട്ടന്‍ പറഞ്ഞു. 

75ാം വയസിലാണ് അന്ന് 25 വയസുണ്ടായിരുന്ന ചാള്‍ട്ടനെ വോഫോര്‍ഡ് പരിചയപ്പെട്ടത്.