ഇസ്ലാമാബാദ്: വടക്കൻ പാകിസ്താനിൽ പഷ്തൂൺ നേതാക്കളുടെ യോഗമായ ജിർഗയ്ക്കിടെ നടന്ന വെടിവെപ്പിൽ രണ്ട് കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു. ആറിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം. വടക്കൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലാണ് ചൊവ്വാഴ്ച വെടിവെപ്പ് ഉണ്ടായത്.

പഷ്തുൺവാലിയുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിന് പ്രദേശത്തെ മുതിർന്ന ആളുകൾ ചേരുന്നതാണ് ജിർഗ. ഭൂിമിയും റോഡ് നിർമ്മാണവുമായും ബന്ധപ്പെട്ട തർക്കങ്ങൾ തീർക്കാൻ വേണ്ടി ആയിരുന്നു യോഗം ചേർന്നത്.

അമീർ ബച്ച, ബക്ത് ആലം എന്നീ രണ്ട് കുടുംബക്കാരാണ് ഇരു ഗ്രൂപ്പുകൾക്കും നേതൃത്വം നൽകുന്നത്. ചർച്ചയ്ക്കിടെ വാക്തർക്കം ഉണ്ടാവുകയും പരസ്പരം വെടിയുതിർക്കുകയുമായിരുന്നുവെന്ന് ഉന്നതവൃത്തങ്ങൾ പറയുന്നു.

ഒരു ഗ്രൂപ്പിലുള്ള 7 പേരും രണ്ട് ജിർഗ അംഗങ്ങളുമാണ് കൊല്ലപ്പെട്ടത്.

വെടിവെച്ചയാൾ രക്ഷപ്പെട്ടുവെന്നും പരിക്കേറ്റവരെ ദിർഖാസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് വിവരം. പ്രതിയെ പിടിക്കണമെന്നാവശ്യപ്പെട്ട് മരിച്ചവരുടെ മൃതദേഹവുമായി നിരവധി പേർ റോഡ് ഉപരോധം ചെയ്തു.

Content Highlights: 9 killed, several injured as clashes erupt at jirga meeting in Pakistan