വാഷിങ്ടണ്‍: വിസ്‌കോന്‍സിനിലെ മാളില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവെയ്പില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായി യു.എസ്. പോലീസ് അറിയിച്ചു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണ്. 

വോവറ്റോസ മേഫെയര്‍ മാളില്‍ വെടിവെയ്പുണ്ടായതായും തങ്ങളുടെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയതായും എഫ്.ബി.ഐയും മില്‍വോക്കി കൗണ്ടി ഷെരിഫിന്റെ ഓഫീസും ട്വീറ്റ് ചെയ്തു. പ്രദേശികപോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. 

വെടിവെപ്പ് നടത്തിയയാള്‍ അടിയന്തര സേനാഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ കടന്നതായി വോവറ്റോസ പോലീസ് വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി. വെടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമികവിവരം. 

20നും 30 നും ഇടയില്‍ പ്രായമുള്ള വെളുത്തവര്‍ഗക്കാരനാണ് അക്രമിയെന്ന് സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കി. ആക്രമണം നടക്കുമ്പോള്‍ മാളിലെ ജീവനക്കാര്‍ മാളിനുള്ളില്‍ സംരക്ഷണം തേടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

മാളില്‍ ഇത്തരത്തിലൊരു അനിഷ്ടസംഭവമുണ്ടായതിതിലും സന്ദര്‍ശകര്‍ക്ക് നേരിടേണ്ടി വന്ന മാനസികവ്യഥയിലും അതീവ ദുഃഖമുണ്ടെന്ന് മാളിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കമ്പനി അറിയിച്ചു. അന്വേഷണഉദ്യോഗസ്ഥര്‍ക്കുള്ള നന്ദിയും കമ്പനി വക്താവ് അറിയിച്ചു.

Content Highlights; 8 Injured In Shooting At US Mall In Wisconsin