വാഷിങ്ടണ്‍:അയല്‍ക്കാര്‍ ഉപേക്ഷിച്ചു പോയ പൂച്ചകള്‍ക്ക് ഭക്ഷണം കൊടുത്തതിന് എഴുപത്തൊമ്പതുകാരിക്ക് ജയില്‍ശിക്ഷ. അമേരിക്കയിലാണ് സംഭവം. നാന്‍സി സെഗുല എന്ന വയോധികയ്ക്കാണ് ശിക്ഷ ലഭിച്ചത്.

ഗാര്‍ഫീല്‍ഡ് ഹൈറ്റ്‌സ് സ്വദേശിയാണ് നാന്‍സി. തെരുവുപൂച്ചകള്‍ക്കും നായകള്‍ക്കും ഭക്ഷണം നല്‍കുന്നത് ഗാര്‍ഫീല്‍ഡ് ഹൈറ്റ്‌സില്‍ കുറ്റകരമായ പ്രവൃത്തിയാണ്. ഇതിനെ തുടര്‍ന്നാണ് നാന്‍സിക്ക് ശിക്ഷ ലഭിച്ചത്. 

ഓഹിയോയിലെ കയഹോഗാ കൗണ്ടി ജയിലില്‍ പത്തുദിവസം കഴിയുകയെന്നതാണ് നാന്‍സിക്ക് ലഭിച്ച ശിക്ഷ. ഓഗസ്റ്റ് 11നാണ് നാന്‍സിയുടെ ശിക്ഷ ആരംഭിക്കുന്നത്. രണ്ടുവര്‍ഷം മുമ്പാണ് നാന്‍സി പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കിത്തുടങ്ങിയത്. 

ആദ്യവര്‍ഷം തന്നെ പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നത് നിര്‍ത്തണമെന്ന നിര്‍ദേശം അധികൃതരില്‍നിന്ന് ലഭിച്ചിരുന്നു. ഇതിനോടകം ഇത്തരത്തിലുള്ള നാല് മുന്നറിയിപ്പുകള്‍ നാന്‍സിക്ക് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് വിഷയത്തില്‍ മജിസ്ട്രട്ടിനു മുന്നില്‍ നാന്‍സിക്ക് ഹാജരാണ്ടേി വന്നത്. 

തന്റെ അയല്‍ക്കാരന് കുറേ പൂച്ചകളുണ്ടായിരുന്നെന്നും താമസം മാറിയപ്പോള്‍ അയാള്‍ പൂച്ചകളെ ഒപ്പം കൂട്ടാതെയാണ് പോയതെന്നും നാന്‍സി പറയുന്നു. തുടര്‍ന്ന് പൂച്ചകള്‍ക്ക് സംരക്ഷണം നല്‍കിത്തുടങ്ങുകയായിരുന്നു. ഒരു പൂച്ചസ്‌നേഹി ആയതുകൊണ്ടു തന്നെ ആ പൂച്ചകളെ കുറിച്ച് തനിക്ക് ഉത്കണ്ഠയുണ്ടായിരുന്നെന്നും നാന്‍സി കൂട്ടിച്ചേര്‍ക്കുന്നു. നാന്‍സി പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നത് കണ്ട മറ്റ് അയല്‍ക്കാര്‍ പരാതിപ്പെടുകയും അനിമല്‍ വാര്‍ഡനെ വിവരം അറിയിക്കുകയുമായിരുന്നു.

content highlights: Nancy Segula woman from amerca sentenced for feeding stray cats and dogs