ഇസ്ലാമാബാദ്: പാക് സൈനിക മേധാവിക്ക് കാലാവധി നീട്ടി നല്‍കാനുള്ള തീരുമാനത്തിനെതിരെ പാക് സൈന്യത്തിനുള്ളില്‍ കലാപക്കൊടി. നവംബര്‍ 29 ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ സൈന്യത്തില്‍ നിന്ന് വിരമിക്കേണ്ടതാണ്. എന്നാല്‍ സയപരിധി കഴിഞ്ഞിട്ടും ബജ്‌വ പാക് സൈനിക മേധാവി സ്ഥാനത്ത് തുടരുന്നതിനെതിരെ പാക് സൈന്യത്തിലെ ഏഴ് ലഫ്റ്റനന്റ് ജനറല്‍മാരാണ് പരസ്യമായി എതിര്‍പ്പുയര്‍ത്തിയിരിക്കുന്നത്.
ഉപാധികളോടെ ആറുമാസത്തേക്കാണ് ബജ്‌വയുടെ കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. കാലാവധി കൂടുതല്‍ നീട്ടി നല്‍കാനായിരുന്നു ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ അത് പാക് സുപ്രീംകോടതി ഉപാധികളോടെ ആറുമാസത്തേക്ക് വെട്ടിക്കുറയ്ക്കുകയായിരുന്നു.
പാക് സൈന്യത്തിലെ മുള്‍ട്ടാന്‍ കോര്‍പ്‌സ് കമാന്‍ഡര്‍ സര്‍ഫറസ് സത്താര്‍, നദീം രാജ, ഹുമയൂണ്‍ അസീസ്, നയീം അസ്രഫ്, ഷെര്‍ അഫ്ഗാന്‍, ഖാസി ഇക്രം തുടങ്ങിയ ലഫ്റ്റനന്റ് ജനറല്‍ മാരാണ് ഖമര്‍ ജാവേദ് ബജ്‌വയ്ക്ക് കാലാവധി നീട്ടി നല്‍കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇതില്‍ റാങ്കനുസരിച്ച് മുള്‍ട്ടാന്‍ കോര്‍പ്‌സ് കമാന്‍ഡര്‍ സര്‍ഫറസ് സത്താര്‍ അടുത്ത പാക് സൈനിക മേധാവിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നയാളാണ്. റാങ്കില്‍ ഏഴാം സ്ഥാനത്തുള്ള ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ആയ ബിലാല്‍ അക്ബര്‍ എന്ന ലഫ്റ്റനന്റ് ജനറലും ബജ്‌വയ്ക്ക് കാാലാവധി നീട്ടി നല്‍കുന്നതിനെതിരെ രംഗത്തുണ്ട്.
നിരവധി സൈനിക അട്ടിമറികളും ഭരണകൂടത്തിനെതിരെ സൈന്യത്തിന്റെ വിമത സ്വരവും പാകിസ്താനില്‍ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് പാക് സൈന്യത്തിനുള്ളല്‍ ഒരു വിമതസ്വരം ഉയരുന്നത്.
2020ല്‍ 60 വയസാകും നിലവിലെ സൈനിക മേധാവിക്ക്. നവംബര്‍ 29 ന് സൈന്യത്തില്‍ നിന്ന് ബജ്‌വ വിരമിക്കാനിരിക്കെ ദേശീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി മൂന്നുവര്‍ഷത്തേക്ക് കാലാവധി നീട്ടി നല്‍കാന്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിനെ പാകിസ്താന്‍ സുപ്രീം കോടതിയില്‍ ചിലര്‍ ചോദ്യം ചെയ്തു. കാലാവധി നീട്ടി നല്‍കണമെങ്കില്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ആറുമാസത്തിനുള്ളില്‍ ആവശ്യമായ നിയമം കൊണ്ടുവരാനാണ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ ഉപാധികളോടെ ബജ്‌വയെ കോടതി കതുടരാന്‍ അനുവദിക്കുകയായിരുന്നു.
Content Highlights: 7 Lieutenant Generals of Pakistan Army against General Qamar Javed Bajwa's extension