സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു | Photo: AP
കാലിഫോര്‍ണിയ: യു.എസില്‍ വീണ്ടും വെടിവെപ്പ്. മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിലായി 11 പേര് കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയിലെ ഹാഫ് മൂണ്‍ ബേയിലെ രണ്ട് ഫാമുകളില്‍ ഉണ്ടായ വെടിവെപ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. കൂണ് ഫാമില്‍ നടന്ന വെടിവെപ്പില്‍ നാല് പേരും ട്രക്ക് ബിസിനസ് ഓഫീസില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. കാലിഫോര്‍ണിയിയില്‍ മൂന്ന് ദിവസത്തിനിടെയുണ്ടായ രണ്ടാമത്തെ വെടിവെപ്പ് സംഭവമാണിത്.
ഫാമില്‍ ജോലി ചെയ്യുന്ന ചൈനീസ് വംശജരാണ് കൊല്ലപ്പെട്ടതെന്ന് യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫാമിലെ തന്നെ ജോലിക്കാരനായ ഷാവോ ചുന്‍ലി (67) വെടിയുതിര്‍ത്ത ശേഷം കടന്നുകളയുകയായിരുന്നു. പിന്നീട്, ഇയാളെ കസ്റ്റഡിയില്‍ എടുത്തതായി അധികൃതര്‍ അറിയിച്ചു. ഹാഫ് മൂണ്‍ ബേ സബ്സ്റ്റേഷനിലെ പാര്‍ക്കിങ് സ്ഥലത്ത് സ്വന്തം വാഹനത്തിലിരിക്കുമ്പോഴാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കാറില്‍ നിന്ന് ആയുധം കണ്ടെത്തിയിട്ടുണ്ട്. വെടിവെപ്പ് നടന്ന യഥാര്‍ഥ സ്ഥലം ഏതാണെന്ന് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിനുള്ള പ്രകോപനം വ്യക്തമായിട്ടില്ല.
അയോവയിലെ സ്കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരണപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ചിക്കാഗോയില്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അക്രമകാരി വീട്ടിലേക്ക് അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു. പ്രതികളെന്ന് സംശയിക്കുന്ന പലയാളുകള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടതായാണ് പോലീസ് അറിയിക്കുന്നത്. സംഭവത്തില്‍ ആരേയും ഇതുവരെ കസ്റ്റഡിയില്‍ എടുക്കാന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ചൈനീസ് പുതുവത്സരാഘോഷങ്ങള്‍ക്കിടെയുണ്ടായ വെടിവെപ്പില്‍ പത്ത് പേര് കൊല്ലപ്പെട്ടിരുന്നു. മോണ്‍ട്രേ പാര്‍ക്കില്‍ നടന്ന വെടിവെപ്പില്‍ 72-കാരന് പിടിയിലായിരുന്നു.
Content Highlights: 7 dead after shooting in California’s Half Moon Bay, gunman in custody
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..