സിനിമയെ വെല്ലുന്ന തരത്തില്‍ എട്ട് പേരടങ്ങുന്ന ആയുധധാരികളുടെ സംഘം വിമാനത്താവളത്തില്‍ നിന്ന് കൊള്ളയടിച്ചത് ഇരുനൂറ് കോടി രൂപയുടെ സ്വര്‍ണക്കട്ടികള്‍. 720 കിലോഗ്രാം സ്വര്‍ണം കൊള്ളയടിച്ച് സ്ഥലം വിടാന്‍ ഇവരെടുത്തത് വെറും മൂന്ന് മിനിറ്റ് സമയം മാത്രമെന്നത് അമ്പരിപ്പിക്കുന്ന യാഥാര്‍ഥ്യം!

ബ്രസീലിലെ ഗോറുള്‍ഹോസ് വിമാനത്താവളത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പോലീസുദ്യോഗസ്ഥരായെത്തിയ സംഘം ഏവരേയും കബളിപ്പിച്ച് ഞൊടിയിടയില്‍ സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നു. ഇവര്‍ വന്ന വാഹനങ്ങളും പോലീസ് വാഹനങ്ങളെ പോലെ തോന്നിച്ചിരുന്നു. കാര്‍ഗോ ജീവനക്കാരോട് സ്വര്‍ണം അവരുടെ ട്രക്കിലേക്ക് കയറ്റാന്‍ സംഘം നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് വിവരം. 

സൂറിച്ചിലേക്കും ന്യൂയോര്‍ക്കിലേക്കും കൊണ്ടുപോകാനെത്തിച്ച സ്വര്‍ണമാണ് കൊള്ളയടിക്കപ്പെട്ടത്. വ്യക്തമായി തയ്യാറെടുപ്പോടെയാണ് സംഘമെത്തിയതെന്ന് പോലീസ് അറിയിച്ചു. പരിചയസമ്പന്നരായ മോഷ്ടാക്കളാണ് സംഘത്തിലുണ്ടായിരുന്നതെന്നും അതിനാലാണ് മോഷണത്തെ കുറിച്ച് സംശയം തോന്നാതിരുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. കൊള്ളയടിച്ച സ്വര്‍ണത്തിന് 30 മില്യണ്‍ ഡോളര്‍(2,06,58,00,000 രൂപ) വിലമതിക്കും.  

സ്വര്‍ണം വിമാനത്താവളത്തിലെത്തിക്കുന്ന കാര്‍ഗോ കമ്പനിയിലെ ഒരു ജീവനക്കാരന്റെ ബന്ധുവിനെ മോഷണസംഘം തട്ടിക്കൊണ്ടു പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇയാളില്‍ നിന്ന് സംഘം വിവരം ശേഖരിച്ചിട്ടുണ്ടാവുമെന്നാണ് പോലീസിന്റെ നിഗമനം. വിമാനത്താവളത്തിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലൂടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വന്‍കൊള്ളകളുടെ മുന്‍കാല ചരിത്രം ബ്രസീലിനുണ്ട്. 2005 ല്‍ ഫോര്‍ട്ടലേസയിലെ ബാങ്കിലേക്ക് തുരങ്കം പണിത് മോഷ്ടാക്കള്‍ കൊണ്ടുപോയത് 67 മില്യണ്‍ ഡോളറായിരുന്നു. (4,61,36,20,000 രൂപ). 2017 ലും സമാനരീതിയില്‍ മോഷണത്തിന് ശ്രമമുണ്ടായെങ്കിലും പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ മോഷണശ്രമം പരാജയപ്പെട്ടു. എടിഎം കവര്‍ച്ചകളും കാര്‍ഗോ ട്രക്കുകള്‍ കടത്തിക്കൊണ്ടു പോകലും ബ്രസീലിന്റെ വിവിധയിടങ്ങളില്‍ സ്ഥിരം സംഭവങ്ങളാണ്. 

 

Content Highlights: It took less than three minutes for eight armed men to make off with $30 million worth of gold bars from Brazilian airport