ടെക്‌സാസ്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ തികയാതെ കിതയ്ക്കുകയാണ് യുഎസ് നഗരമായ ഓസ്റ്റിന്‍. 2,40,00,000 ജനസംഖ്യയുളള ഓസ്റ്റിനില്‍ ഇനി ശേഷിക്കുന്നത് വെറും ആറ് ഐ.സി.യു. യൂണിറ്റുകള്‍ മാത്രമാണെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഡേറ്റ വ്യക്തമാക്കുന്നത്. 313 വെന്റിലേറ്ററുകളും ശേഷിക്കുന്നു. ടെക്‌സാസിന്റെ തലസ്ഥാനനഗരിയാണ് ഓസ്റ്റിന്‍. 

ഓസ്റ്റിനില്‍ സ്ഥിതി ഗുരുതരമാണെന്ന് പബ്ലിക് ഹെല്‍ത്ത് മെഡിക്കല്‍ ഡയറക്ടര്‍ ഡെസ്മാര്‍ വാക്‌സ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ഓസ്റ്റിന്‍ നിവാസികള്‍ക്ക് ഇമെയില്‍ മുഖാന്തരവും ഫോണിലൂടെയുമെല്ലാം അറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍. 

അതിവ്യാപന ശേഷിയുളള ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ നഗരത്തിലെ ആരോഗ്യവകുപ്പ് റിസ്‌ക് ലെവല്‍ ഉയര്‍ത്തിയിരുന്നു. ഓസ്റ്റിനിലെ ജനതയോട് എത്രയും വേഗം വാക്‌സിനെടുക്കാനും വീടുകളില്‍ തന്നെയിരിക്കാനും ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. 

കഴിഞ്ഞമാസത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ആശുപത്രികളില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ 600 ശതമാനം വര്‍ധനവുണ്ടായി. ഐ.സി.യു.വില്‍ പ്രവേശിപ്പിക്കുന്ന രോഗികളില്‍ 570 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജൂലൈ നാലിന് എട്ടുപേരാണ് വെന്റിലേറ്ററില്‍ ഉണ്ടായിരുന്നതെങ്കില്‍ ശനിയാഴ്ച വരെയുളള കണക്കെടത്ത് നോക്കിയാല്‍ 102 പേര്‍ വെന്റിലേറ്ററില്‍ ചികിത്സ തുടരുകയാണ്. ഓസ്റ്റിന്‍ മേഖലയില്‍ കേസുകള്‍ 10 മടങ്ങ് വര്‍ധിച്ചതിനാല്‍ രോഗികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. 

ദേശീയ തലത്തിലും കേസുകള്‍ ഉയരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം പ്രതിവാര കേസുകള്‍ 7,50,000 കടന്നു. കഴിഞ്ഞ മാസത്തേതുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ മരണനിരക്കും ഇരട്ടയിലധികമായിട്ടുണ്ട്. 

പുതിയ അണുബാധകള്‍ വേഗത്തില്‍ വ്യാപിക്കുന്നതിനാല്‍ അത് ഒരുപക്ഷേ വൈറസിന്റെ മാരകമായ പരിവര്‍ത്തനത്തിന് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

29 ദശലക്ഷമാണ് ടെക്‌സാസിലെ ജനസംഖ്യ. ഇവിടെ 439 ഐ.സി.യു കിടക്കകളും 6991 വെന്റിലേറ്ററുകളുമാണ് ലഭ്യമായിട്ടുള്ളത്‌. 6.7 ദശലക്ഷം ജനസംഖ്യയുളള ഹൂസ്റ്റണില്‍ ഇനി അവശേഷിക്കുന്നത് 41 ഐ.സി.യു. യൂണിറ്റികള്‍ മാത്രമാണ്.

Content Highlights: 6 ICU Beds Left in Austin  As Delta Cases Rise