മുള്‍ട്ടാന്‍: പാകിസ്താനില്‍ യാത്രാ ട്രെയിന്‍ അപകടത്തില്‍ 50 പേര്‍ മരിച്ചു. 70 പേര്‍ക്ക് പരിക്കേറ്റു. പാളംതെറ്റി അടുത്ത ട്രാക്കിലേക്ക് മറിഞ്ഞ ട്രെയിനില്‍ മറ്റൊരു ട്രെയിന്‍ ഇടിച്ചുകയറിയാണ് അപകടം. സിന്ധ് പ്രവശ്യയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതിനാല്‍ സൈന്യത്തിന്റേയും അര്‍ധ സൈനിക വിഭാഗങ്ങളുടേയും സഹായം തേടിയിട്ടുണ്ട്. 

സിന്ധിലെ ഘോട്കി ജില്ലയില്‍ ധാര്‍ക്കി നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. കറാച്ചിയില്‍ നിന്ന് സര്‍ഗോദയിലേക്ക് പോയ മില്ലന്റ് എക്‌സ്പ്രസ് പാളംതെറ്റി അടുത്ത ട്രാക്കിലേക്ക് മറിയുകയും റാവല്‍പിണ്ടിയില്‍നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ശ്രീ സയീദ് എക്പ്രസ് ഇതില്‍ ഇടിച്ചുകയറുകയുമായിരുന്നുവെന്ന് റെയില്‍വേ വക്താവ് പറഞ്ഞു. 

train accident

അപകടത്തേത്തുടര്‍ന്ന് 50 പേര്‍ മരിച്ചതായും 70 പേര്‍ക്ക് പരിക്കേറ്റതായും ഘോട്കി ഡെപ്യൂട്ടി കമ്മീഷണറെ ഉദ്ധരിച്ച് പാക്‌സ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ സ്ത്രീകളും റെയില്‍വേ ജീവനക്കാരും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ പ്രവേശിപ്പിക്കുന്ന പശ്ചാത്തലത്തില്‍ സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 

അപകടം നടന്ന് രണ്ട് മണിക്കൂറുകള്‍ക്ക്  ശേഷം രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രദേശവാസികളാണ് രക്ഷപെടുത്തിയതെന്ന് ശ്രി സയീദ് എക്പ്രസിന്റെ ഡ്രൈവര്‍ പറഞ്ഞു. ട്രെയിന്‍ സാധാരണ വേഗത്തിലാണ് സഞ്ചരിച്ചിരുന്നതെന്നും പെട്ടന്നാണ് ട്രാക്കില്‍ മില്ലന്റ് എക്‌സ്പ്രസിന്റെ ബോഗികള്‍ കണ്ടെതെന്നും അദ്ദേഹം പറഞ്ഞു. അടുത്തെത്തിയതിനാല്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു. 

train accident

ഇരു ട്രെയിനുകളിലുമായി ആയിരത്തോളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അപകടത്തില്‍ 14 ഓളം ബോഗികള്‍ പാളംതെറ്റുകയും ആറ് ബോഗികള്‍ പൂര്‍ണമായും തകരുകയുമായിരുന്നു. 20 ഓളം യാത്രക്കാര്‍ ഇപ്പോഴും ബോഗികളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിനായി പ്രദേശത്തേക്ക് എത്തിച്ചേരാനും ബോഗികളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

Content Highlights: 50 killed, 70 injured as passenger trains collide in Pakistan