അഞ്ച് വയസുകാരനായ മൈക്കല്‍ ക്ലാര്‍ക് ജൂനിയറിന് ആ ദിവസം ഏറെ പ്രിയപ്പെട്ടതായിരുന്നു. അത് കൊണ്ടാണ് ഡിസംബര്‍ അഞ്ചിന് മിഷിഗണിലെ കെന്റ് കൗണ്ടി കോടതിയിലേക്ക് പോകുമ്പോള്‍ തന്റെ ക്ലാസിലെ എല്ലാ ചങ്ങാതിമാരും ടീച്ചറും ഒപ്പം വരണമെന്ന് അവന്‍ വാശി പിടിച്ചത്. ആന്‍ഡ്രിയ മെല്‍വിനും ഡേവ് ഈറ്റനും അവനെ ദത്തെടുക്കുന്ന ദിവസമായതിനാല്‍ അവന് ജീവിതത്തിലെ സ്‌പെഷ്യല്‍ ഡേയായിരുന്നു അത്.
ദത്തെടുക്കലിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടെ "ഐ ലവ് മൈ ഡാഡ്" എന്ന് മൈക്കല്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു. തന്റെ രക്ഷകര്‍തൃത്വം ഏറ്റെടുക്കാനെത്തിയവരോട് മറ്റേതു വിധത്തിലാണ് അവന് നന്ദി അറിയിക്കാന്‍ സാധിക്കുക. മൈക്കലും അവന്റെ പുതിയ മാതാപിതാക്കളും ഏറെ സന്തുഷ്ടരായാണ് മടങ്ങിയത്. തന്റെ പുതിയ കുടുംബത്തോടൊപ്പം തന്റെ ചങ്ങാതിമാരോടൊപ്പം അവന്‍ ഫോട്ടോകളെടുത്തു.

മൈക്കലിനെ ദത്ത് നല്‍കുന്നതായി ജഡ്ജി അറിയിക്കുമ്പോള്‍ അവനൊപ്പമെത്തിയവര്‍ കൈയിലെ ഹൃദയാകൃതിയുള്ള കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടി സന്തോഷവും സ്‌നേഹവും പങ്കുവെച്ചു. യുഎസ് മിഷിഗണിലെ വെല്‍ത്തി എലിമെന്ററി സ്‌കൂളിലെ കിന്റര്‍ ഗാര്‍ട്ടനിലെ കുട്ടികളെയും കൂട്ടിയാണ് മൈക്കല്‍ കോടതിമുറിയിലെത്തിയത്. പുതിയ മാതാപിതാക്കള്‍ക്കരികില്‍ മൈക്കല്‍ കോടതിയില്‍ ഇരിക്കുന്നതിന്റെയും അവരുടെ പിന്നിലിരിക്കുന്ന അവന്റെ കൂട്ടുകാരുടേയും ഫോട്ടോ കെന്റി കൗണ്ടി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു.

മൈക്കലിന്റെ കൂളായുള്ള ഇരിപ്പും പിന്നില്‍ നിന്ന് ആകാംക്ഷയോടെ എത്തിനോക്കുന്ന കൂട്ടുകാരും ചേര്‍ന്ന ഫോട്ടോയോട് അര ലക്ഷം പേര്‍ പ്രതികരിച്ചു കഴിഞ്ഞു. ആയിരക്കണക്കിനാളുകള്‍ ആശംസകള്‍ നേര്‍ന്നു. ഒരു ലക്ഷത്തിലധികം പേര്‍ കൗതുകം തുളുമ്പുന്ന, അനുകമ്പയും സ്‌നേഹവും ജനിപ്പിക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തു.
ദത്തെടുക്കലിന് മുന്നോടിയായി ഒരു വര്‍ഷമായി മൈക്കലിനെ ആന്‍ഡ്രിയയും ഡേവുമാണ് സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. കുട്ടികള്‍ക്കും ദത്തെടുക്കുന്ന ദമ്പതിമാര്‍ക്കുമിടയില്‍ ഊഷ്മളമായ ബന്ധം ഉണ്ടാകുന്നതിനായാണ് ഈയൊരു കാലയളവ് കൊണ്ട് ഉദ്ദേശിക്കുന്നത്. കെന്റി കൗണ്ടി കോടതിയിലെ വാര്‍ഷിക ദത്തെടുക്കല്‍ ദിവസമായിരുന്നു വ്യാഴാഴ്ച. 37 കുട്ടികളെയാണ് ഇത്തവണ ദത്ത് നല്‍കിയത്. ഇത്രയും കുട്ടികള്‍ക്ക് മാതാപിതാക്കളെ ലഭിച്ചതിന്റെ ആഹ്‌ളാദം ജഡ്ജി പട്രീഷ്യ ഗാര്‍ഡനര്‍ പങ്കുവെച്ചത് തന്റെ നിറഞ്ഞ കണ്ണുകള്‍ തുടച്ചു കൊണ്ടായിരുന്നു.
Content Highlights: 5-Year-Old Boy Was To Be Adopted, Invited His Entire Class