സിഡ്നി: കാട്ടുതീ ആളിപ്പടരുന്നതിനിടെ തെക്കന്‍ ഓസ്‌ട്രേലിയയില്‍ 5000ത്തോളം ഒട്ടകങ്ങളെ വെടിവെച്ചു കൊന്നു. ഒട്ടകങ്ങളുടെ അമിതമായ വെള്ളം കുടി ജനജീവിതത്തിന് ഭീഷണി സൃഷ്ടിച്ചതോടെയാണ് ഇവയെ കൊല്ലാനുള്ള തീരുമാനത്തിലേക്ക് അധികൃതരെത്തിയത്. കാട്ടുതീക്ക് പിന്നാലെ തെക്കന്‍ ഓസ്‌ട്രേലിയയില്‍ വരള്‍ച്ച അതിരൂക്ഷമായതോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നുകയറി ഒട്ടകങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ അഞ്ച് ദിവസത്തെ പ്രചാരണ പരിപാടിക്ക് നേരത്തെ സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. ഈ ദൗത്യത്തിലാണ് 5000ത്തോളം ഒട്ടകങ്ങളെ വെടിവെച്ച് കൊന്നൊടുക്കിയത്. ഒട്ടക ശല്യം രൂക്ഷമായ വരള്‍ച്ചാ ബാധിത പ്രദേശത്തേക്ക് പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഹെലികോപ്ടറിലെത്തിയാണ് ഒട്ടകങ്ങളെ വെടിയുതിര്‍ത്ത് കൊന്നത്.
23000ത്തോളം ആദിവാസികള്‍ താമസിക്കുന്ന തെക്കന്‍ ഓസ്ട്രേലിയയിലെ എപിവൈ പ്രദേശത്ത് വരള്‍ച്ച അതിരൂക്ഷമാണ്. വാസസ്ഥലങ്ങളിലേക്ക് വെള്ളം തേടിയെത്തിയ ഒട്ടകങ്ങള്‍ വീടുകള്‍ക്കും കൃഷികള്‍ക്കും മറ്റും വലിയ നാശനഷ്ടമുണ്ടാക്കിയെന്ന് കാണിച്ച് നിരവധി പരാതികള്‍ ഇവിടുത്തെ ജനങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു.
എപിവൈ പ്രദേശത്തെ രൂക്ഷമായ ഒട്ടക ശല്യത്തിനെതിരേയുള്ള ദൗത്യം ഞായറാഴ്ചയോടെ അവസാനിപ്പിച്ചതായി എപിവൈ ജനറല്‍ മാനേജര്‍ റിച്ചാര്‍ഡ് കിങ് അറിയിച്ചു. മൃഗസംരക്ഷണ പ്രവര്‍ത്തരുടെ ആശങ്കകള്‍ ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ ഈ പ്രദേശത്തെ ചില യാഥാര്‍ഥ്യങ്ങളില്‍ അവര്‍ക്ക് തെറ്റായ ധാരണയാണുള്ളത്. ഇനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നിനെ ഇല്ലാതാക്കേണ്ടത് ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമായിരുന്നെന്നും റിച്ചര്‍ഡ് വ്യക്തമാക്കി.
സിഡ്നി യൂണിവേഴ്സ്റ്റി ഗവേഷകര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി രാജ്യത്താകെ വ്യാപിച്ച കാട്ടുതീയില്‍ നിരവധി ആളുകളുടെ ജീവന്‍ നഷ്ടമാവുകയും 480 മില്ല്യന്‍ മ്യഗങ്ങളെ കാണാതാവുകയോ മരണപ്പെടുകയോ ചെയ്തിട്ടുണ്ട്.
content highlights; 5,000 Camels Shot Dead In 5 Days In Drought-Hit Australia Amid Wildfire