ഫ്രിഡ്ജില്‍ നിന്ന് ആവശ്യമുള്ള സാധനങ്ങള്‍ പുറത്തെടുക്കുന്നതിനിടെയാണ് സ്റ്റെഫാനി ബ്രൗണ്‍ പുറകില്‍ കാലടി ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയത്. പുറത്ത് കളിക്കുകയായിരുന്ന മകന്‍ ഡൊമിനിക്കായിരുന്നു പിന്നില്‍. ഡൊമിനിക്കിന് ഒപ്പമുണ്ടായിരുന്ന പുതിയ ചങ്ങാതിയെ കണ്ട് സ്റ്റെഫാനി തെല്ലൊന്നമ്പരന്നു. ഒരു മാന്‍കുട്ടിയായിരുന്നു ആ നാല് വയസ്സുകാരനൊപ്പമുണ്ടായിരുന്നത്. 

വെര്‍ജീനിയയിലെ മസ്സാനുട്ടെന്‍ റിസോര്‍ട്ടില്‍ അവധിക്കാലം ചെലവിടാനെത്തിയതായിരുന്നു കുടുംബം. അതിനിടെയാണ് ഡൊമിനിക് പുറത്ത് കറങ്ങാനിറങ്ങിയത്, തിരികെ വന്നതോ മാന്‍കുട്ടിയുമായി. ഡൊമിനിക്കുമായി നല്ല അടുപ്പമുള്ളതു പോലെയായിരുന്നു മാന്‍കുട്ടിയുടെ പെരുമാറ്റമെന്നത് തന്നെ അമ്പരിപ്പിച്ചുവെന്ന് സ്റ്റെഫാനി പറയുന്നു. 

നിമിഷനേരത്തേക്ക് അമ്പരപ്പ് നീണ്ടെങ്കിലും വേഗം തന്നെ ഫോണ്‍ കയ്യിലെടുത്ത് 'അപൂര്‍വസുഹൃത്തുക്കളു'ടെ ഫോട്ടോ സ്റ്റെഫാനി പകര്‍ത്തി. പിന്നീട് ചിത്രം ഫെയ്‌സ് ബുക്കിലും പോസ്റ്റ് ചെയ്തു. സ്റ്റെഫാനിയെ വീണ്ടും ഞെട്ടിച്ചു കൊണ്ട് ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. രണ്ട് കുട്ടികളും വളരെ 'ക്യൂട്ടാ'ണെന്ന് നിരവധി പേര്‍ കമന്റ് ചെയ്തു. 

പതിനാറായിരത്തോളം പേരാണ് ഇതിനോടകം പോസ്റ്റ് ലൈക്ക് ചെയ്തത്. ആയിരക്കണക്കിന് പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. ചിരപരിചിതരെ പോലെയാണ് ഇരുവരും തോന്നിപ്പിക്കുന്നതെന്ന് ഒരാള്‍ പ്രതികരിച്ചപ്പോള്‍ മനോഹരമായ കാഴ്ചയെന്ന് മറ്റു പലരും പ്രതികരിച്ചു. 

Dominic really went outside and brought a deer back...

Posted by Stephanie Brown on Tuesday, January 26, 2021

കുറച്ചു ഭക്ഷണം നല്‍കാനാണ് ഡൊമിനിക് മാന്‍കുട്ടിയെ വീടിനുളളിലേക്ക് കൂട്ടി വന്നതെന്ന് സ്റ്റെഫാനി പറഞ്ഞു. പിന്നീട് അതിനെയും കൂട്ടി പുറത്തേക്ക് പോകാനും മാനിന്റെ അമ്മ തിരഞ്ഞു നടക്കുന്നുണ്ടാവുമെന്നും പറഞ്ഞപ്പോള്‍ ഡൊമിനിക് മാന്‍കുട്ടിയെ പുറത്തു കൂട്ടിപ്പോയി മടങ്ങിയെത്തിയതായും സ്‌റ്റെഫാനി കൂട്ടിച്ചേര്‍ത്തു. 

 

Content Highlights: 4 Year Old Goes Out To Play Comes Back With Baby Deer As Friend