വാഷിങ്ടണ്‍: വെള്ളിയാഴ്ച പുലര്‍ച്ചെ അമേരിക്കയിലെ ഇന്ത്യാനാപൊലിസില്‍ ഫെഡ്എക്‌സ് ഡെലിവറി സ്ഥാപനത്തിലുണ്ടായ വെടിവെപ്പില്‍ ഒമ്പത് പേര്‍ മരിച്ചു. പത്തൊമ്പതുകാരനായ ബ്രാന്‍ഡണ്‍ സ്‌കോട്ട് ഹോള്‍ ആണ് വെടിയുതിര്‍ത്തതെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചു. മരിച്ചവരില്‍ നാല് സിഖുകാര്‍ ഉള്‍പ്പെടുന്നതായി ഇന്ത്യാനയിലെ സമുദായനേതാക്കള്‍ അറിയിച്ചു. 

ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരില്‍ തൊണ്ണൂറ് ശതമാനവും ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരാണ്. അതില്‍ ഭൂരിഭാഗവും പ്രദേശവാസികളായ സിഖുകാരാണ്. സംഭവം അത്യന്തം ഹൃദയഭേദകമാണെന്ന് ഗുരീന്ദര്‍ സിങ് ഖല്‍സ പിടിഐയോട് പ്രതികരിച്ചു. 

അമര്‍ജിത് കൗര്‍ സെഖോന്‍, ജസ് വിന്ദര്‍ കൗര്‍, അമര്‍ജിത് കൗര്‍, ജസ് വിന്ദര്‍ സിങ് എന്നിവരാണ് മരിച്ച സിഖുകാര്‍. ഇതില്‍ മൂന്ന് പേര്‍ സ്ത്രീകളാണെന്ന് പൊതുപ്രവര്‍ത്തകനായ മനീന്ദര്‍ സിങ് വാലിയ അറിയിച്ചു. ഹര്‍പ്രീത് സിങ് ഗില്‍ വെടിയേറ്റ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ പേരുകള്‍ ഇന്ത്യാനപൊലിസ് പോലീസ് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. 

യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ചു. പ്രാദേശിക സുരക്ഷാസേനയില്‍ നിന്ന് സംഭവത്തിന്റെ വിശദവിവരം ലഭിച്ചതായി ബൈഡന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

Content Highlights: 4 Sikhs Among 8 Killed In FedEx Facility Mass Shooting In US