ആമസോൺ കാട് | ഫോട്ടോ: എ.എഫ്.പി.
ബൊഗോത്ത (കൊളംബിയ): വിമാനം തകർന്ന് ആമസോൺ വനത്തിനുള്ളിൽ അകപ്പെട്ടുപോയ നാല് കുട്ടികൾക്ക് രണ്ടാഴ്ചയ്ക്കു ശേഷം അത്ഭുതകരമായി രക്ഷപ്പെടൽ. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിൽ കൊളംബിയയിലെ ആമസോൺ വനാന്തരത്തിൽനിന്നാണ് ഇവരെ കണ്ടെത്തിയത്. 11 മാസം പ്രായമുള്ള കുഞ്ഞും രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കുട്ടികളെ കണ്ടെത്താനായതിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ അതീവ സന്തോഷം പ്രകടിപ്പിച്ചു.
മേയ് ഒന്നിനാണ് കൊളംബിയൻ മേഖലയിലെ വനത്തിൽ വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്ന നാല് കുട്ടികളെ കണ്ടെത്താനായിരുന്നില്ല. 11 മാസം പ്രായമുള്ള കുഞ്ഞിനു പുറമേ നാലും ഒന്‍പതും പതിമ്മൂന്നും വയസ്സുള്ള കുട്ടികളാണ് വനത്തിനുള്ളിൽ അകപ്പെട്ടുപോയത്. ഇവരെ കണ്ടെത്താനായി വലിയ പരിശോധനകളാണ് നടത്തിയത്. നൂറ് സൈനികരെയും പരിശീലനം ലഭിച്ച നായകളെയും വനത്തിൽ വിന്യസിച്ചു. സൈന്യം നടത്തിയ ഊര്‍ജിതമായ തിരച്ചിലുകള്‍ക്കൊടുവില്, 17 ദിവസങ്ങൾക്കു ശേഷം കുട്ടികളെ ആമസോണ്‍ കാടിനുള്ളിൽ കണ്ടെത്തുകയായിരുന്നു.
.jpg?$p=430c1f1&&q=0.8)
അപകടത്തിൽപ്പെട്ട കുട്ടികള്‍ക്ക് കാര്യമായ പരിക്കുകള്‍ ഏറ്റിരുന്നില്ല. എന്നാൽ, പുറംലോകത്തേക്കുള്ള വഴിയറിയാതെ അവർ രണ്ടാഴ്ചയിലേറെ കാലം വനത്തിനുള്ളിൽ അലയുകയായിരുന്നു.തിരച്ചില്‍ നടത്തുന്നതിനിടെ ബുധനാഴ്ച വനത്തിനകത്ത് കമ്പുകളും വടികളും ഉപയോഗിച്ച് ചെറിയ പന്തൽ നിര്‍മിച്ചതായി സൈന്യം കണ്ടെത്തി. കൂടാതെ, വഴിയില്‍ ഒരു ഹെയര്‍ ബാന്‍ഡ് കിടക്കുന്നതായും കണ്ടെത്തി. പകുതി കഴിച്ച പഴവും വെള്ളക്കുപ്പിയും നേരത്തേതന്നെ കാട്ടില്‍നിന്ന് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ആ മേഖലയിൽ നടത്തിയ ഊര്‍ജിതമായ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. രണ്ടാഴ്ചയിലേറെ കാലം ഈ കുട്ടികൾ എങ്ങനെ കൊടും വനത്തിനുള്ളിൽ അതിജീവിച്ചു എന്നത് ആശ്ചര്യകരമാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
.jpg?$p=298ab5c&&q=0.8)
സാന്‍ ജോസ് ഡെല്‍ ഗ്വാവിയറിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിന്റെ എന്‍ജിന് പ്രശ്‌നമുള്ളതായി റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാകുന്നതിനു തൊട്ടുമുന്‍പ് പൈലറ്റ് അറിയിച്ചിരുന്നു. പിന്നീട് വിവരങ്ങളൊന്നുമുണ്ടായില്ല. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ പൈലറ്റിന്റെയും മറ്റ് രണ്ടുപേരുടെയും മൃതദേഹം സൈന്യം കണ്ടെത്തിയിരുന്നു. മരിച്ചവരില്‍ ഒരാള്‍ നാലു കുട്ടികളുടെ അമ്മയാണ്. അപകടകാരണം വ്യക്തമായിട്ടില്ല.
ആമസോണ്‍ വനത്തിനകത്ത് കുറച്ചു ഭാഗംമാത്രമേ റോഡുകളുള്ളൂ. പുഴ മുറിച്ചുകടക്കാന്‍ പ്രയാസവുമാണ്. ഇതിനാല്‍ ഈ മേഖലയില്‍ ചെറിയ യാത്രാവിമാന സംവിധാനമുണ്ട്. ഇത്തരത്തില്‍ ഒരു വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഹെലിക്കോപ്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്. 'ഓപറേഷന്‍ ഹോപ്' എന്നു പേരിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. കനത്ത മഴയും കൂറ്റൻ മരങ്ങളും വന്യമൃഗങ്ങളും കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നെന്ന് അധികൃതർ പറഞ്ഞു.
.jpg?$p=79c0b37&&q=0.8)
Content Highlights: 4 children, including baby, found alive in amazon after plane crash
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..