ന്യൂഡല്‍ഹി: അമേരിക്കയിലെ കോളിര്‍വില്ലെയില്‍ ഇരുനില കെട്ടിടത്തിലുണ്ടായിരുന്ന തീപിടിത്തത്തില്‍ ഇന്ത്യാക്കാരായ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. ഷാരോണ്‍ (17), ജോയ് (15), ആരോണ്‍ (14) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളായ ഇവര്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കായാണ് അമേരിക്കയിലെത്തിയത്.  ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമ കാരി കോഡ്രിറ്റും(46) തീപിടിത്തത്തില്‍ മരിച്ചു. ഞായറാഴ്ച അപകടമുണ്ടായതായി മരിച്ച കുട്ടികളുമായി ബന്ധപ്പെട്ടവര്‍ ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

രാത്രി പതിനൊന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വീട്ടുടമ കാരിയുടെ ഭര്‍ത്താവ് ഡാനിയല്‍ കോഡ്രിറ്റും മകന്‍ കോളും അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. തീപിടിത്തമുണ്ടായ ഉടന്‍ ഡാനിയല്‍ രണ്ടാം നിലയിലെ ജനാലയിലൂടെ പുറത്തുചാടി സഹായത്തിനായി അഭ്യര്‍ഥിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരിച്ച  കുട്ടികള്‍ തെലങ്കാനയില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരം.

കുട്ടികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. ഇവരുടെ പിതാവ് ഒരു പാസ്റ്ററാണെന്ന വിവരം മാത്രമാണ് ഇപ്പോള്‍ ലഭ്യമായത്. കുട്ടികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകള്‍ക്കായി സംഭാവന നല്‍കണമെന്ന് കോളിര്‍വില്ലെ പള്ളി അധികൃതര്‍ അഭ്യര്‍ഥിച്ചു.

Content Highlights: 3 Telangana Teen Siblings Die In Fire At US Home, Fire Accident, US