ലണ്ടന്‍: ഐസ്ലന്‍ഡില്‍ കാര്‍ പാലത്തില്‍ നിന്ന് മറിഞ്ഞ് മൂന്ന് ഇന്ത്യന്‍ വംശജര്‍ മരിച്ചു. ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ രണ്ട് സ്ത്രീകളും ഒരു കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു അപകടം. ഈ കുടുംബത്തിലെ രണ്ട് പുരുഷന്‍മാരും രണ്ട് കുട്ടികളും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 

ഐസ്ലന്‍ഡിലെ തെക്കന്‍ പ്രദേശത്തെ സ്‌കൈതറോസന്തൂഴ് എന്ന പ്രദേശത്തിന് സമീപമാണ് പകടം നടന്നത്. ഐസ്ലന്‍ഡില്‍ അവധിക്കാലം ചിലവഴിക്കാനുള്ള യാത്രയിലായിരുന്നു ഇവര്‍. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഐസ്ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡറായ ടി ആംസ്ട്രോങ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.

ഇവര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകട കാരണം വ്യക്തമായിട്ടില്ല. റോഡിലെ ഈര്‍പ്പം മൂലം വാഹനം തെന്നിയതോ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതോ ആവാം കാരണമെന്ന നിലപാടിലാണ് അധികൃതര്‍.

Content Highlights: 3 Killed in car accident In Iceland