ബാഗ്ദാദ്: 2700 വര്‍ഷത്തോളം പഴക്കമുള്ള വൈന്‍ നിർമാണശാല കണ്ടെത്തി ഇറാഖിലെ പുരാവസ്തു ഗവേഷകര്‍. അസീറിയന്‍ രാജാക്കന്‍മാരുടെ കാലത്ത് വാണിജ്യാടിസ്ഥാനത്തില്‍ വൈന്‍ ഉത്പാദിപ്പിക്കാനായി നിര്‍മിച്ച വലിയ വൈന്‍ ഫാക്ട്‌റിയുടെ അവശേഷിപ്പുകളാണിത്. ഇറാഖിലെ ദോഹുകിന് സമീപമുള്ള പ്രദേശത്തുനിന്നാണ് ഇവ കണ്ടെത്തിയത്. 

വൈന്‍ നിര്‍മാണത്തിനായി മുന്തിരി പിഴിഞ്ഞെടുക്കാനും നീര് വേര്‍തിരിക്കാനും ഉപയോഗിച്ച  പ്രസ്സറുകള്‍ ഉള്‍പ്പെടെയുള്ള 14 വസ്തുക്കളും ഇവിടെനിന്ന് ലഭിച്ചു. ഇത്തരത്തില്‍ ഇറാഖില്‍ കണ്ടെത്തുന്ന ആദ്യത്തെ വൈന്‍ ഫാക്ടറിയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വൈന്‍ ഫാക്ടറിക്ക് പുറമേ ചരിത്രാതീതകാലത്തേതെന്ന് കരുതുന്ന രാജകുടുംബത്തിന്റെ നിരവധി അമൂല്യ ശിലാശില്‍പങ്ങളും ഗവേഷകസംഘം കണ്ടെത്തിട്ടുണ്ട്. ദൈവങ്ങളോട് പ്രാര്‍ഥിക്കുന്ന രാജക്കന്‍മാരുടെ രൂപങ്ങളാണ് പാറകളില്‍ തീര്‍ത്ത ശില്‍പങ്ങളില്‍ ദൃശ്യമാകുന്നത്. വടക്കന്‍ ഇറാഖിലെ ഫയ്ഡ മേഖലയില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.

ഒമ്പത് കിലോമീറ്ററോളം ദൂരമുള്ള ഒരു ജലസേചന കനാലിന്റെ മതിലുകളിലായിരുന്നു ശിലാശില്‍പങ്ങള്‍ ഉണ്ടായിരുന്നതെന്ന് ദോഹുക് പുരാവസ്തു വകുപ്പിലെ ഗവേഷകർ പറഞ്ഞു. 12 പാനലുകളിലായുള്ള ശിലാശില്‍പങ്ങളാണ് ഇവിടെനിന്ന് ലഭിച്ചത്. ഇവയ്ക്ക് അഞ്ച് മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ഉയരവുമുണ്ട്. അസീരിയന്‍ കാലത്തെ ദൈവങ്ങള്‍, രാജക്കന്‍മാര്‍, മൃഗങ്ങള്‍ എന്നിവയുടെ ചിത്രങ്ങളാണ് ശില്‍പങ്ങളുടെ ഉള്ളടക്കം. സര്‍ഗോണ്‍ രണ്ടാമന്‍ രാജാവിന്റെയും അദ്ദേഹത്തിന്റെ മകന്‍ സൊന്‍ഹേരിബിന്റെയും ഭരണകാലത്തുള്ളവയാണ് ഇവയെന്നാണ് ഗവേഷകരുടെ നിഗമനം. 

രാജാവ് അസീറിയന്‍ ദൈവങ്ങളുടെ മുന്നില്‍ പ്രാര്‍ഥിക്കുന്ന ശിലാശില്‍പങ്ങളാണ് ലഭിച്ചത്. കുര്‍ദിസ്താനില്‍ ഉള്‍പ്പെടെ ഇറാഖില്‍ നിരവധി ഇടങ്ങളില്‍ കണ്ടെത്തിയതിനെക്കാള്‍ വളരെ വലിയ സ്മാരകമാണിതെന്ന് ഇറ്റാലിയന്‍ പുരാവസ്തു ഗവേഷകന്‍ ഡാനിയേല്‍ മൊറാണ്ടി ബൊനാകോസി പറഞ്ഞു. 

അസീറിയന്‍ രാജാക്കന്‍മാരുടെ കാലത്ത് കര്‍ഷകരുടെ കൃഷിയിടങ്ങളിലേക്കായി വെള്ളം എത്തിക്കാനായി നിര്‍മിച്ചതാണ് ശില്‍പം കണ്ടെത്തിയ കനാല്‍. ഇവിടെനിന്ന് ലഭിച്ച ശില്‍പങ്ങളില്‍ മതപരമായ കാര്യങ്ങള്‍ മാത്രമല്ല, രാജാവിന്റെ രാഷ്ട്രീയ നിലപാടുകളും ദൃശ്യമാകും. വെള്ളം ലഭിക്കാനായി ഇത്രവലിയ കനാലിന്റെ നിര്‍മാണത്തിനായി ഉത്തരവിട്ട തന്നെ ജനങ്ങള്‍ എക്കാലവും ഓര്‍മിക്കാനായി രാജാവിന്റെ നിര്‍ദേശത്തോടെയാണ് ശില്‍പങ്ങള്‍ നിര്‍മിച്ചതെന്നും മൊറാണ്ടി ബൊനാകോസി പറഞ്ഞു.

content highlights: 2700 Year Old Wine Press, Carvings Discovered By Archaeologists In Iraq