ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ പോലീസ് വിചിത്രമായൊരു കേസ് അന്വേഷണത്തിന്റെ തിരക്കിലാണിപ്പോള്‍. തന്നെ കാറ്റ് ഗര്‍ഭിണിയാക്കിയെന്നും ഒരു മണിക്കൂറിന് ശേഷം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും അവകാശവാദമുന്നയിച്ച് യുവതി രംഗത്തെത്തി. ഈ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുകയാണിപ്പോള്‍ ഇന്തോനേഷ്യന്‍ പോലീസ്. 

ഇരുപത്തഞ്ചുകാരിയായ സിതി സെയ്‌ന എന്ന യുവതിയാണ് വിചിത്രവാദവുമായി രംഗത്തെത്തിയത്. ഇന്തോനേഷ്യയിലെ സിയാഞ്ജു സ്വദേശിനിയാണ് ഇവര്‍. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

'ഉച്ചകഴിഞ്ഞുള്ള പ്രാര്‍ത്ഥനയ്ക്ക് ശേഷം താന്‍ വീട്ടിലെ  സ്വീകരണ മുറിയില്‍ ഇരിക്കുമ്പോള്‍ ശക്തമായ കാറ്റ് വീശി. കാറ്റ് തന്നെ കടന്നുപോയി. 15 മിനിട്ടു കഴിഞ്ഞതോടെ വയറില്‍ വേദന അനുഭവപ്പെട്ടു.ഇത് അസഹ്യമായതോടെ അടുത്തുള്ള ക്ലിനിക്കിലേക്ക് പോയി.' ഇവിടെ വെച്ച് താന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നുവെന്ന് സിതി പറയുന്നു. 

സംഭവം അറിഞ്ഞതോടെ നാട്ടുകാര്‍ അമ്മയെയും കുഞ്ഞിനെയും കാണാനായി സിതിയുടെ വീട്ടിലെത്തി. ആരോഗ്യപ്രവര്‍ത്തകരും ഇവരെ സന്ദര്‍ശിച്ചു. എല്ലാവരോടും കാറ്റടിച്ചതുമൂലമാണ് താന്‍ ഗര്‍ഭിണിയാണെന്ന വാദം സിതി ആവര്‍ത്തിക്കുകയായിരുന്നു.  

പ്രസവിക്കുന്നത് വരെ ഗര്‍ഭിണിയാണോയെന്ന് തിരിച്ചറിയാത്ത ക്രിപ്റ്റിക്‌ പ്രഗ്നന്‍സി എന്ന അവസ്ഥയാണ് സിതിയുടെതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഇതുമൂലമാണ് ഗര്‍ഭിണി ആണെന്ന് സിതി തിരിച്ചറിയപ്പെടാതെ പോയതെന്നും സിതിയുടെ വാദം തീര്‍ത്തും അസംബന്ധം ആണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി. 

Content Highlight: 25 yr old woman says gust of wind made her pregnant