സിഡ്‌നി: ഓസ്‌ട്രേലിയയുടെ പടിഞ്ഞാറന്‍ തീരത്ത് മണല്‍ത്തിട്ടയില്‍ കുടുങ്ങിയ തിമിംഗലങ്ങളെ രക്ഷപ്പെടുത്താനുള്ള പദ്ധതിയുമായി സമുദ്ര ജീവശാസ്ത്രഞ്ജര്‍. 270 ഓളം തിമിംഗലങ്ങളാണ് ഈ പ്രദേശത്ത് കുടുങ്ങിയിരിക്കുന്നത്. 

മണല്‍ത്തിട്ടയില്‍ കുടുങ്ങി പൈലറ്റ് തിമിംഗലങ്ങളെന്ന് കരുതുന്ന 25ഓളം തിമിംഗലങ്ങള്‍ ചത്തതായും ഗവേഷകര്‍ പറഞ്ഞു. കടല്‍ ഡോള്‍ഫിന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ് ചത്തടിഞ്ഞത്. 

നേരത്തേയും തിമിംഗലങ്ങള്‍ ഈ മേഖലയില്‍ കുടുങ്ങിപ്പോയിട്ടുണ്ടെങ്കിലും ഇത്രയധികം തിമിംഗലങ്ങള്‍ ഒരുമിച്ച് കുടുങ്ങുന്നത് അപൂര്‍വമാണ്. ഏത് രീതിയിലാണ് തിമിംഗലങ്ങളെ രക്ഷപ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഉടന്‍ രക്ഷാദൗത്യം ആരംഭിക്കുമെന്ന് ടാസ്മാനിയ പാര്‍ക്ക്‌സ് ആന്റ് വൈല്‍ഡ് ലൈഫ് സര്‍വീസ് മാനേജര്‍ നിക്ക് ഡേക പറഞ്ഞു.

എന്തുകൊണ്ടാണ് തിമിംഗലങ്ങള്‍ ഇത്തരത്തില്‍ കൂട്ടത്തോടെ അവയ്ക്ക് വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിലേക്ക് എത്തുന്നത് എന്നതിനെക്കുറിച്ച് അറിയില്ല, ഒരുപക്ഷേ അവ സംഘത്തിലെ 'നേതാവി'നെ പിന്തുടര്‍ന്നെത്തുന്നതാവാം. തിമിംഗലങ്ങളുടെ സാമൂഹിക ജീവിതം വളരെ ശക്തമാണ്. കൂട്ടത്തിലെ ഒരാള്‍ക്ക് അപകടം പറ്റിയാലോ മറ്റോ മറ്റ് സംഘാംഗങ്ങള്‍ അവിടേക്കെത്തുന്നത് അവയുടെ ശീലമാണെന്നും അങ്ങനെ മണല്‍ത്തിട്ടയില്‍ കുടുങ്ങിയതാവാമെന്ന് നിക് വിശദീകരിച്ചു. 

Content Highlights: 25 Whales Feared Dead, Around 270 Stranded Off Australia's Tasmania