കാബൂള്‍: ഭീകരസംഘടനയായ ഐ.എസ്.-കെയുമായി (ഇസ്ലാമിക് സ്റ്റേറ്റ്-ഖൊരാസന്‍ പ്രൊവിന്‍സ്‌) ബന്ധമുള്ള 25 ഇന്ത്യന്‍ പൗരന്മാര്‍ അഫ്ഗാനിസ്താനില്‍ നിരീക്ഷത്തിലെന്ന് റിപ്പോര്‍ട്ട്. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതോടെ ജയിലിലായിരുന്ന ഇവരെ മോചിപ്പിക്കുകയായിരുന്നു. ഇവരുടെ നീക്കങ്ങള്‍ സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നിരീക്ഷിച്ചുവരികയാണ്.

പാക് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന അഫ്ഗാന്‍ പ്രദേശമായ നാന്‍ഗാര്‍ഹാര്‍ മേഖലയിലാണ് ഇവര്‍ ഇപ്പോള്‍ ഉള്ളതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഒസാമ ബിന്‍ ലാദന്റെ മുന്‍ സുരക്ഷാ മേധാവിയായ ആമിന്‍ അല്‍ ഹഖിന്റെ ജന്മസ്ഥലത്തിനു സമീപം ഇവര്‍ ഒളിവില്‍ കഴിയുന്നതായാണ് സൂചന. ഹഖിനെ പാക് സേന പിടികൂടിയശേഷം വെറുതേവിട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ താലിബാന്റെ സംരക്ഷണയില്‍ ജന്മനാട്ടിലേക്ക് തിരിച്ചുവന്നു. അഫ്ഗാന്‍ താലിബാന്‍ പിടിച്ചെടുത്തതോടെ വിജയഭാവത്തില്‍ തന്റെ വീട്ടിലേക്ക് മടങ്ങുന്ന ഹഖിന്റെ വീഡിയോ പുറത്തുവന്നിരുന്നു. 

സാമൂഹികമാധ്യമങ്ങളില്‍ സജീവമായ മുന്‍സിബ് എന്നയാളെയും ദേശീയ അന്വേഷണ ഏജന്‍സി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റിന് സജീവമായി നേതൃത്വം നല്‍കുന്നതായാണ് വിവരം.

ഐ.എസ്.-കെ റിക്രൂട്ട്‌മെന്റിന് നേതൃത്വം നല്‍കുന്ന ഐജാസ് അഹാങ്കാര്‍ എന്നയാളെ താലിബാന്‍ ജയില്‍ മോചിതനാക്കിയിരുന്നു. ഇന്ത്യയില്‍ കൊടുംകുറ്റവാളികളുടെ പട്ടികയിലുള്ള ആളാണിയാള്‍.
താലിബാന്റെ വരവോടുകൂടി തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനും അംഗബലം കൂട്ടാനുമുള്ള ഒരുക്കത്തിലാണ് ഐ.എസ്.-കെ ഇപ്പോള്‍. 

താലിബാന്‍ ജയിലുകള്‍ തകര്‍ത്തതോടെ ആയിരക്കണക്കിന് ഐ.എസ്.-കെ തീവ്രവാദികള്‍ മോചിക്കപ്പെട്ടതായി സുരക്ഷാ ഏജന്‍സികള്‍ കരുതുന്നു. ഏകദേശം 1400 ഐ.എസ്.-കെ തീവ്രവാദികളാണ് അഫ്ഗാന്‍ ജയിലില്‍ ഉണ്ടായിരുന്നതെന്നാണ് കണക്ക്. ഇതില്‍ 300 പാകിസ്താനികളും കുറച്ച് ചൈനീസ് പൗരന്മാരും ബംഗ്ലാദേശികളും ഉള്‍പ്പെടുന്നു.

Content highlights: 25 indians linked to isis k under scanner in Afghanistan