യുണൈറ്റഡ് നേഷൻസ്: യുഎൻ സമാധാന സേനാംഗങ്ങൾക്ക് ഇന്ത്യ നൽകിയ രണ്ട് ലക്ഷം ഡോസ് കോവിഡ് വാക്സിൻ ഉപയോഗിച്ചുവരുകയാണെന്ന് യുഎൻ. ഇതിനോടകം നിരവധി യുഎൻ സമാധാന സേനാംഗങ്ങൾക്ക് ഇന്ത്യൻ നിർമിത വാക്സിൻ നൽകിയിട്ടുണ്ടെന്നും യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു.

ചൈനീസ്, റഷ്യൻ, യുഎസ് അധികൃതരുമായി ബന്ധപ്പെടുകയാണെന്നും ചൈനയുടെ വാക്സിൻ വാഗ്ദാനം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് യുഎൻ വക്താവ് പ്രതികരിച്ചു. വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ച മുന്ന് രാജ്യങ്ങളോടും യുഎൻ നന്ദി അറിയിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന അംഗീകരിക്കാത്ത വാക്സിനുകൾ ഉപയോഗിക്കാൻ യുഎന്നിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് യുഎൻ സമാധാന സേനാംഗങ്ങൾക്കായി ഇന്ത്യ രണ്ട് ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ നൽകുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രഖ്യാപിച്ചത്. ലോകമെമ്പാടും പ്രവർത്തിക്കുന്ന സമാധാന സേനാംഗങ്ങൾക്ക് രണ്ട് ഡോസ് കുത്തിവെപ്പും സാധ്യമാകാനാണ് ഇത്രയും വാക്സിൻ നൽകുന്നതെന്നും ജയശങ്കർ വ്യക്തമാക്കിയിരുന്നു.

മാർച്ച് 27നാണ് സൗജന്യമായി രണ്ട് ലക്ഷം വാക്സിൻ ഇന്ത്യ കയറ്റി അയച്ചത്. മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം 12 ദൗത്യങ്ങളിലായി ലോകമെമ്പാടും 87,889 സമാധാന സേനാംഗങ്ങളാണ് പ്രവർത്തിക്കുന്നത്.

content highlights:200000 COVID vaccines given by India for UN peacekeepers are already being put to use: UN spokesperso