സിയൂള്‍: ആണവ പരീക്ഷണത്തിന്റെ ഭാഗമായി ഉത്തര കൊറിയയുടെ മിസൈല്‍ പരീഷണ മേഖലയായ പ്യുഗെരിയില്‍ ടണല്‍ തകര്‍ന്ന് വീണ് 200 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയയുടെ വടക്കുകിഴക്കല്‍ മേഖലയായ പ്യൂഗെരിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ടണലാണ് തകര്‍ന്നു വീണതെന്ന് കൊറിയന്‍ സ്രോതസുകളെ ഉദ്ധരിച്ച് ജാപ്പനീസ് ചാനലായ ആഷി ടിവി റിപ്പോര്‍ട്ട് ചെയ്തു. 

ആദ്യമുണ്ടായ അപകടത്തില്‍ ഏകദേശം 100 ആളുകളാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വീണ്ടും ടണല്‍ തകരുകയായിരുന്നു. ഇതേതുടര്‍ന്നാണ് മരണസംഖ്യ 200 ആയി ഉയര്‍ന്നത്. 

സെപ്റ്റംബര്‍ മൂന്നിന് ഉത്തര കൊറിയ നടത്തിയ ആറാം ആണവ പരീക്ഷണമാണ് അപകടത്തിന്റെ മൂലകാരണമെന്നാണ് വിലയിരുത്തല്‍. 1945-ല്‍ അമേരിക്ക ഹിരോഷിമയില്‍ ഇട്ട ആറ്റം ബോംബിനെക്കാള്‍ ആറ് ഇരട്ടി പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് ഉത്തര കൊറിയ സെപ്റ്റംബറില്‍ പരീക്ഷിച്ചത്. 

ഉത്തര കൊറിയ നടത്തിയ ആറാമത്തെ ആണവായുധ പരീക്ഷണമായിരുന്നു അത്. ഇത് പ്യുഗെരി മേഖലയിലും ടണലിനും ഉണ്ടാക്കിയ ബലക്ഷയമാണ് അപകട കാരണമെന്നാണ് ആഷി ടിവി റിപ്പോര്‍ട്ട് ചെയ്തത്. 

ആണവ പരീക്ഷണത്തെ തുടര്‍ന്ന് പര്‍വതങ്ങളുടെ അടിവാരത്തില്‍ 60 മുതല്‍ 100 മീറ്റര്‍ വരെ വിള്ളലുണ്ടായതായി മീറ്ററോളജിക്കല്‍ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആണവ പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ റേഡിയോആക്ടീവ് വികിരണങ്ങള്‍ പുറന്തള്ളപ്പെടാന്‍ സാധ്യക കൂടുതലാണെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

തുടര്‍ച്ചയായ ആണവ പരീക്ഷണത്തെ തുടര്‍ന്ന് പ്യുഗെരി മേഖലയ്ക്ക് ബലക്ഷയമുണ്ടായതായി വിലയിരുത്തലുകളുണ്ട്. ആറാമത് ആണവ പരീക്ഷണത്തിന് ശേഷം മേഖലയില്‍ ചെറു ഭൂചലനങ്ങളും മണ്ണിടിച്ചിലും വ്യാപകമാണെന്നും റിപ്പോര്‍ട്ടുണ്ട്. 

എന്നാല്‍, ആണവായുധ പരീക്ഷണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ഉത്തര കൊറിയ രണ്ട് പരീക്ഷണ ടണലുകള്‍ കൂടി സ്ഥാപിക്കാനൊരുങ്ങുകയാണെന്ന് ദക്ഷിണ കൊറിയന്‍ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. 

ഉത്തര കൊറിയ ആദ്യ ആണവ പരീക്ഷണം നടത്തിയ ടണല്‍ അടച്ചു പൂട്ടിയതായും രണ്ടാമത്തെ ടണല്‍ അഞ്ച് പരീക്ഷണത്തിനു കൂടി വേദിയാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.