കൊളംബിയൻ സർക്കാർ പുറത്തുവിട്ട വീഡിയോയിൽ നിന്നുള്ള ദൃശ്യം
മാഡ്രിഡ്: 1708ല്‍ ബ്രിട്ടീഷുകാര്‍ മുക്കിയ സ്വര്‍ണ്ണം നിറച്ച പ്രശസ്ത സ്പാനിഷ് കപ്പലായ സാന്‍ ജോസ് ഗാലിയനിനടുത്ത് രണ്ട് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി. 1701 മുതല്‍ 1714 വരെ നീണ്ടു നിന്ന സ്പാനിഷ് യുദ്ധത്തിനിടെയാണ് 1708-ല്‍ ബ്രിട്ടീഷുകാര്‍ 600 പേരടങ്ങിയ സാന്‍ ജോസ് കപ്പലിനെ മുക്കിയത്. 17 ബില്യണ്‍(1700 കോടി ഡോളര്‍) വിലമതിക്കുന്ന സ്വര്‍ണ്ണം ഇതിലുണ്ടായിരുന്നു. 2015-ലാണ് ഈ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തുന്നത്. ഇതിന് സമീപത്താണ് പുതിയ രണ്ട് കപ്പലുകള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് കപ്പലുകള്‍ക്കും 200 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. കൊളംബിയന്‍ നാവിക അധികൃതരാണ് ഇവിടെ പരിശോധന നടത്തുന്നത്. സ്വര്‍ണക്കട്ടിയും വാളുകളും കപ്പലുകള്‍ക്കൊപ്പം കണ്ടെത്തിയതാണ് റിപ്പോര്‍ട്ട്. റിമോര്‍ട്ട് കണ്ട്രോള്ഡ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പകര്‍ത്തിയ വീഡിയോകളും പുറത്തുവിട്ടിട്ടുണ്ട്. കടല്‍നിരപ്പില്‍ സ്വര്‍ണനാണയങ്ങള്‍ ചിതറികിടക്കുന്നതും കണ്ടെത്തനായിട്ടുണ്ട്.
കൊളംബിയന്‍ സര്‍ക്കാര്‍ പുറത്തുവിട്ട വീഡിയോയില്‍ ഒരു പീരങ്കി കാണാം. വിവിധ കളിമണ്‍ പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് പുരാവസ്തുക്കള്‍ മണലില്‍ ചിതറിക്കിടക്കുന്നതും കാണാം.

പീരങ്കികളിലൊന്നിന് സമീപമുള്ള ക്ലോസപ്പ് ചിത്രങ്ങളില്‍ മണലില്‍ സ്വര്‍ണ്ണ നാണയങ്ങള്‍ പരന്ന് കിടുക്കുന്നതായി കാണാം. മറ്റൊരു ചിത്രത്തില്‍ വലിയ തോതില്‍ ചായകപ്പുകളും മണലില്‍ ചിതറിക്കിടക്കുന്നുണ്ട്.
200 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1810-ല്‍ കൊളംബിയ സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച അതേ കാലഘട്ടത്തില്‍ തന്നെയുള്ളതാണ് ഈ രണ്ട് പുതിയ കപ്പലുകളുമെന്ന് കൊളംബിയന്‍ അധികൃതര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..