സിയോള്‍: സൗത്ത് കൊറിയയിലെ ഹോട്ടലുകളില്‍ താമസിച്ച 1600 ഓളം പേരുടെ സ്വകാര്യനിമിഷങ്ങള്‍ ഒളിക്യാമറയില്‍ ചിത്രീകരിച്ച് ഇന്റെര്‍നെറ്റിലൂടെ തത്സമയ സംപ്രേക്ഷണം നടത്തി. 30 ഹോട്ടലുകള്‍ക്കെതിരെയാണ് സംഭവത്തില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. 

ഡിജിറ്റല്‍ ടി.വി. ബോക്സുകള്‍, ചുമരില്‍ ഘടിപ്പിച്ചിട്ടുള്ള സോക്കറ്റുകള്‍, ഹെയര്‍ഡ്രൈറുകള്‍ എന്നിവയുടെ ഉള്ളിലാണ് രഹസ്യ ക്യാമറകള്‍ ഘടിപ്പിച്ചത്. സ്വകാര്യ നിമിഷങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പണം അടക്കുന്നവര്‍ക്ക് തത്സമയം കാണാവുന്ന രീതിയിലാണ് നല്‍കിയത്. 

സൗത്ത് കൊറിയയിലെ പത്ത് നഗരങ്ങളിലെ മുപ്പത് ഹോട്ടലുകളില്‍ 42 ഓളം റൂമുകളിലായാണ് ഒളിക്യാമറകള്‍ വെച്ച് സ്വകാര്യനിമിഷങ്ങള്‍ ചിത്രീകരിച്ചത്. 

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു. 

4000 അംഗങ്ങളുള്ള സൈറ്റില്‍ തത്സമയം പ്രദര്‍ശിപ്പിച്ച വീഡിയോ ദൃശ്യങ്ങള്‍ വീണ്ടും കാണുന്നതിനും സൈറ്റ് നല്‍കുന്ന പ്രത്യേക പാക്കേജുകള്‍ കാണുന്നതിനുമായി 97 പേര്‍ പ്രതിമാസം 4000 രൂപയോളം അടക്കുന്നുണ്ട്.   2018 നവംബറിനും മാര്‍ച്ചിനുമിടയില്‍ 4,12 ലക്ഷം രൂപ ഇത്തരത്തില്‍ നേടിയതായാണ് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

അതേ സമയം ഹോട്ടല്‍മുറികളില്‍ ഒളിക്യാമറ ഘടിപ്പിച്ച് സ്വകാര്യദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന സംഭവം മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഇന്റര്‍നെറ്റിലൂടെ തത്സമയം നല്‍കുന്ന സംഭവം ആദ്യമായാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 

എന്റെ ജീവിതം നിങ്ങളുടെ അശ്ലീലമല്ല എന്ന മുദ്രാവാക്യം മുഴക്കി കഴിഞ്ഞ വര്‍ഷം നൂറുകണക്കിന് സ്ത്രീകള്‍ സോളിലെ തെരുവിലിറങ്ങിയിരുന്നു. തുടര്‍ന്ന് പൊതുശൗചാലയങ്ങളില്‍ സുരക്ഷാ പരിശോധനക്കായി പ്രത്യേക സ്‌ക്വാഡിനെ നിയമിച്ചിരുന്നു.

Content Highlights: 1600 Hotel Guests In South Korea Secretly Filmed, Live-Streamed Online Report