
ദേവ്ദാൻ ദേവരാജ്. photo: rayofhope.sg
സിംഗപ്പൂര്‍: സിംഗപ്പൂരില്‍ അപൂര്‍വ്വമായ ന്യൂറോ മസ്കുലാര്‍ രോഗം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട ഇന്ത്യന്‍ വംശജനായ കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്. 16 കോടി രൂപ വിലമതിക്കുന്ന മരുന്ന് നല്‍കിയതോടെ രണ്ട് വയസുകാരനായ ദേവ്ദാന് ദേവരാജിന് നടക്കാനുള്ള ശേഷി തിരിച്ചുകിട്ടി. സിംഗപ്പൂര്‍ ജനതയുടെ അകമഴിഞ്ഞ സഹായം ഒന്നുകൊണ്ടുമാത്രമാണ് ദേവ്ദാന് നടക്കാനായത്. കുട്ടിയുടെ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിങ്ങിലൂടെ ഏകദേശം 30 ലക്ഷത്തോളം സിംഗപ്പൂര്‍ ഡോളറാണ് (16.68 കോടി രൂപ) ധനസഹായമായി ലഭിച്ചത്.
ഇന്ത്യന്‍ വംശജനായ ദേവ് ദേവ്രാജിന്റെയും ചൈനീസ് വംശജയായ ഷു വെന്‍ ദേവ്രാജിന്റെയും ഏക മകനാണ് ദേവ്ദാന്. ഒരു വയസ് പ്രായമുള്ളപ്പോയാണ് കുട്ടിക്ക് പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്ന സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗം കണ്ടെത്തുന്നത്. ചികിത്സ നല്‍കിയില്ലെങ്കില്‍ കാലക്രമേണ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെടുന്ന ഗുരുതരമായ രോഗമാണിത്. ഇതോടെയാണ് കുട്ടിക്ക് 16 കോടി വിലവരുന്ന സോള്‍ജന്‍സ്മ ജീന്‍ തൊറാപ്പി മരുന്ന് നല്കാന് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
കഴിഞ്ഞ ഓഗസ്റ്റില്‍ പത്ത് ദിവസത്തിനകമാണ് കുട്ടിയുടെ ചികിത്സയ്ക്കായി ഇത്രയധികം തുക സമാഹരിച്ചത്. ക്രൗണ്ട് ഫണ്ടിങ്ങിലൂടെ 30,000ത്തോളം പേരാണ് ചികിത്സാ സഹായം നല്‍കിയത്. മരുന്നിന് ആവശ്യമായ തുക ലഭിച്ചതിന് പിന്നാലെ 2021 സെപ്തംബറിലാണ് നാഷണല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ദേവദാന്റെ ചികിത്സ ആരംഭിച്ചത്.
'ഒരുവര്‍ഷം മുമ്പ് കുഞ്ഞിന് നടക്കാനാകുമെന്ന് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഏഴുന്നേറ്റ് നില്ക്കാന് പോലും അവന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവന് നടക്കുന്നതും സൈക്കിള്‍ ഓടിക്കുന്നതും ഞങ്ങള്‍ക്ക് ഒരു അത്ഭുതമാണ്' കുട്ടിയുടെ മാതാവ് പറഞ്ഞു. ചികിത്സയ്ക്കായി പണം നല്കിയ എല്ലാവരോടും ഏറെ കടപ്പാടുണ്ടെന്നും ദേവ്ദാന്റെ മാതാപിതാക്കള്‍ വ്യക്തമാക്കി.
content highlights: 16 Crore Raised In Singapore For Treatment Of Indian-Origin 2-Year-Old
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..