കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കിലെ ഫെറോ ദ്വീപിന് ഇപ്പോള്‍ രക്തത്തിന്റെ മണമാണ്. ദ്വീപിലെ സ്‌കാലബൊട്‌നൂര്‍ ബീച്ചില്‍ ഒരു ദിവസം മാത്രം 1500ഓളം ഡോള്‍ഫിനുകളാണ് കൊല്ലപ്പെട്ടത്. ദ്വീപില്‍ വര്‍ഷം തോറും നടക്കുന്ന ഗ്രൈന്‍ഡഡ്രാപ് എന്ന വിനോദ കടല്‍വേട്ടയിലാണ് ഇത്രയധികം ഡോള്‍ഫിനുകളെ കൊന്നൊടുക്കിയത്. 400 വര്‍ഷത്തോളമായി തുടരുന്ന ഈ ആചാരത്തിന്റെ ഭാഗമായി എണ്ണിയാലൊടുങ്ങാത്ത തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയുമാണ് ദ്വീപില്‍ എല്ലാ വര്‍ഷവും വേട്ടയാടുന്നത്.

ഫെറോ ദ്വീപ് തീരത്തോട് ചേര്‍ന്ന് ചത്തു കിടക്കുന്ന ഡോള്‍ഫിനുകളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതോടെ വിനോദത്തിനായുള്ള ഫെറോ ജനതയുടെ ക്രൂരകൃത്യത്തിനെതിരേ ആഗോളതലത്തില്‍ വലിയ രോഷവും ഉയര്‍ന്നു. ഇത്രയും ക്രൂരമായ വേട്ടയാടല്‍ അനുവദിക്കരുതെന്നും ഡോള്‍ഫിന്‍ വേട്ടയ്‌ക്കെതിരേ നടപടി വേണമെന്നുമാണ് കടല്‍ജീവി സംരക്ഷണ ഗ്രൂപ്പുകളുടെ ആവശ്യം. 

ഡോള്‍ഫിന്‍ വേട്ട നിയമാനുസൃതം

ഡെന്‍മാര്‍ക്കിന് കീഴിലുള്ള സ്വയം ഭരണ ദ്വീപാണ് ഫെറോ. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന വിനോദവേട്ടയായതിനാല്‍ ഈ ക്രൂരകൃത്യം ഫെറോ ദ്വീപില്‍ നിയമാനുസൃതവും അംഗീകൃതവുമാണ്. തീരത്തോട് ചേര്‍ന്ന് ഡോള്‍ഫിനുകളുടെയും തിമിംഗലങ്ങളുടെയും ചാകര കാണുമ്പോഴാണ് ദ്വീപ് ജനത ഈ വിനോദം ആരംഭിക്കുന്നത്. പ്രത്യേക പരിശീലനവും ലൈസന്‍സുള്ള ആളുകള്‍ക്ക് മാത്രമേ ഡോള്‍ഫിനുകളെ കൊല്ലാന്‍ അനുവാദമുള്ളു. 

dolhine
കൊന്നൊടുക്കിയ ഡോള്‍ഫിനുകളെ തീരത്ത് കൂട്ടിയിട്ടിരിക്കുന്ന കാഴ്ച.
photo: Sea Shepherd via AP

ദ്വീപിലെ കരയോട് ചേര്‍ന്ന ഭാഗമെല്ലാം രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച. പ്രജനനത്തിനായി കിലോമീറ്ററുകള്‍ താണ്ടിവരുന്ന തിമിംഗലങ്ങളെ വേട്ടക്കാര്‍ പ്രത്യേക ബോട്ടുകളില്‍ തീരത്തോട് അടുപ്പിക്കും. ഡ്രില്ലിങ് മെഷീനും മറ്റ് മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് തീരത്തു നില്‍ക്കുന്നവര്‍ ആസ്വദിച്ച് കഴുത്തറുക്കും. ചോര വാര്‍ന്നു കഴിയുമ്പോള്‍ കൊന്ന കടല്‍ സസ്തനികളെ ഭക്ഷണ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയാണ് പതിവ്. 

കഴുത്തറുത്ത് കടല്‍വേട്ട, അതിക്രൂരം

വലിയ ആഘോഷമായാണ് ദ്വീപ് ജനത ഇവയെ കൊന്നൊടുക്കുന്നത്. തിമിംഗലങ്ങളെയും ഡോള്‍ഫിനേയും വേട്ടയാടി തീരത്തെത്തിച്ച് കഴുത്തറുക്കുന്നത് കാണാന്‍ നിരവധി ആളുകളും ദ്വീപില്‍ തടിച്ചുകൂടാറുണ്ട്. കഴിഞ്ഞ ഞായറാഴ്ച മാത്രം 1428 ഡോള്‍ഫിനുകളെ ദ്വീപ് വാസികള്‍ കൊന്നെടുക്കിയിട്ടുണ്ടെന്നാണ് കണക്ക്. ഇതുവരെ ഗ്രൈന്‍ഡഡ്രാപ് കടല്‍വേട്ടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതിന് മുമ്പ് ആയിരത്തിലേറെ ഡോള്‍ഫിനുകളും തിമിംഗലങ്ങളും കൊല്ലപ്പെട്ട് 1940ലാണ്. അന്ന് 1200ഓളം എണ്ണത്തിനെ ദ്വീപ് ജനത കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇത്തവണ കണക്കില്ലാതെ ഡോള്‍ഫിന്‍ വേട്ട

പൈലറ്റ് വേള്‍സ് എന്നറിയപ്പെടുന്ന ചെറു തിമിംഗലങ്ങളെയാണ് ഇവര്‍ കൂടുതലും വേട്ടയാടി കൊല്ലാറുള്ളത്. കഴിഞ്ഞ രണ്ട് ദശാബ്ദമായി ഓരോ വര്‍ഷവും ശരാശരി 600 പൈലറ്റ് തിമംഗലങ്ങളെയും 250 ഡോള്‍ഫിനുകളെയും വേട്ടയില്‍ പിടികൂടാറുണ്ടെന്ന് ഫെറോ സര്‍ക്കാര്‍ അധികൃതര്‍ പറയുന്നു. വേട്ടയില്‍ ഡോള്‍ഫിനുകളെ കിട്ടിയാലും വെറുതേ വിടാറാണ് പതിവ്. കഴിഞ്ഞ വര്‍ഷം 35 ഡോള്‍ഫിനെ മാത്രമാണ് കൊന്നത്. 2019ല്‍ 10 ഡോള്‍ഫിനുകളെ മാത്രമാണ് വേട്ടയാടി കൊന്നിരുന്നത്. എന്നാല്‍ ഇത്തവണ ഡോള്‍ഫിനുകളെ വന്‍തോതില്‍ കൊലപ്പെടുത്തി. ഇതോടെ രോഷവും ഉയര്‍ന്നു. 

മെര്‍ക്കുറി അടങ്ങിയ തിമിംഗല ഇറച്ചി കടുത്ത ആരോഗ്യപ്രശ്‌നങ്ങളും ദ്വീപില്‍ സൃഷ്ടിക്കുന്നുണ്ട്. ഓര്‍മ്മക്കുറവ്, പാര്‍ക്കിന്‍സണ്‍ തുടങ്ങിയ രോഗങ്ങള്‍ ദ്വീപിലുള്ളവര്‍ക്കുണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും നൂറ്റാണ്ടുകള്‍ പഴക്കമുള്ള തങ്ങളുടെ ആചാരത്തെ ഉപേക്ഷിക്കാന്‍ ഫെറോ ജനത തയ്യാറായിട്ടില്ല. തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണിതെന്നാണ് ദ്വീപ് വാസികളുടെ വാദം. കാലങ്ങളായി തുടരുന്ന തങ്ങളുടെ വിനോദമാണെന്നും ഭക്ഷണ സ്ത്രോതസ്സാണെന്നും ഫെറോ ദ്വീപ് നിവാസികള്‍ പറയുന്നു.

dolphine
കൊന്നൊടുക്കിയ ഡോള്‍ഫിനുകളെ തീരത്ത് കൂട്ടിയിട്ടിരിക്കുന്ന കാഴ്ച.
photo: Sea Shepherd via AP

വംശനാശ ഭീഷണി നേരിടുന്ന തിമിംഗലങ്ങളെ വേട്ടയാടുന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ നിരോധനമുള്ള കാര്യമാണ്. എന്നിട്ടും കശാപ്പിനോ വോട്ടയ്‌ക്കോ ഫെറോ ദ്വീപില്‍ യാതൊരു കുറവുമുണ്ടായിട്ടില്ല. തിമിംഗല, ഡോള്‍ഫിന്‍ വേട്ട സകല സീമകളും ലംഘിച്ച് നിര്‍ബാധം തുടരുകയാണ്.

content highlights: 1428 Dolphins Were Slaughtered As Part Of A Tradition In Faroe Islands, Activists Say It's Cruel