2004 ഡിസംബര്‍ 26. ക്രിസ്മസ് ആഘോഷങ്ങളുടെ ആലസ്യത്തില്‍ ഉറങ്ങിയ ലോകം ഞെട്ടിയുണര്‍ന്നത് ഇന്നോളം കണ്ടിട്ടില്ലാത്ത രാക്ഷസ തിരമാലകളുടെ താണ്ഡവത്തോടെയായിരുന്നു.
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ഭൂകമ്പം. ഭൂകമ്പമാപിനിയില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും വലിയ മൂന്നാമത്തെ ഭൂകമ്പമായിരുന്നു അത്. റിക് ടര്‍ സ്‌കെയിലില്‍ 8.3 രേഖപ്പെടുത്തി. അതിനെ തുടര്‍ന്ന് കടലിന്റെ അടിത്തട്ടിലുണ്ടായ പ്രകമ്പനം കൂറ്റന്‍തിരമാലകളായി ലോകത്ത് പലയിടങ്ങളിലും കരയിലേക്ക് ആഞ്ഞുവീശി.
നിമിഷനേരം കൊണ്ട് സുരക്ഷിതബോധത്തില്‍ കരയില്‍ വസിച്ചിരുന്നവരും ബീച്ചുകളില്‍ വര്‍ഷാവസാനം ഉല്ലസിക്കാന്‍ എത്തിയവരുമെല്ലാം മരണത്തിന്റെ കയങ്ങളിലേക്ക് വലിച്ചെടുക്കപ്പെട്ടു.
കരയെ നക്കിത്തുടച്ച് തിരകള്‍ കടലിലേക്ക് മടങ്ങിയപ്പോള്‍ ലോകം നടുങ്ങി. എന്താണ് സംഭവിച്ചതെന്നോ സംഭവിക്കുന്നതെന്നോ അറിയാതെ പകച്ചുനിന്ന നിമിഷങ്ങള്‍. സുനാമി എന്ന പേര് പോയിട്ട് ഇത് എന്ത് പ്രതിഭാസം എന്ന് തിരിച്ചറിയാന്‍ കഴിയുന്നതിന് മുമ്പ് തന്നെ സര്‍വതും നഷ്ടമായി.
ഉറ്റവരും ഉടയവരും കൈവിട്ടുപോകുന്നത് കണ്ടുനില്‍ക്കാനോ വിലപിക്കാനോ മാത്രം വിധിക്കപ്പെട്ടവര്‍. ഇന്നും കടല്‍ത്തീരത്തുള്ളവര്‍ ഭയത്തോടെ മാത്രം ഓര്‍മ്മിക്കുന്ന പേരാണ് സുനാമി. ലോകത്തില്‍ ഏറ്റവുമധികം ജീവന്‍ കവര്‍ന്ന ദുരന്തമായി അങ്ങനെ സുനാമി ചരിത്രത്തില്‍ ഇടംനേടി.
30 മീറ്റര്‍ വരെ ഉയരത്തിലാണ് തിരകള്‍ വീശിയടിച്ചത്. തമിഴ്‌നാട്ടിലും ഇന്ത്യന്‍ തീരങ്ങളില്‍ കേരളത്തിലും ആന്‍ഡമാനിലുമായി നിരവധി പേര്‍ നിന്നനില്‍പ്പില്‍ ഭൂമുഖത്ത് നിന്ന തുടച്ചുനീക്കപ്പെട്ടു.
2004 ലില്‍ ലോകമെമ്പാടുമായി രണ്ടര ലക്ഷം പേരുടെ ജീവനെടുത്ത ആ രാക്ഷസത്തിരമാലകളുടെ സംഹാരതാണ്ഡവത്തിന് 13 വയസ്സാകുമ്പോള്‍ ഇങ്ങ് കേരളത്തില്‍ ഓഖി ചുഴലിക്കാറ്റടിച്ച് കേരളത്തിന് നഷ് ടമായത് 80 ഓളം പേരെ.
കാണാതായ 100 ലേറെ പേരെ കുറിച്ച് യാതൊരു വിവരവുമില്ല. സുനാമിയുടെ ദുരന്തം പേറുന്ന കേരളത്തിന്റെ മനസ്സിലേക്ക് ഇപ്പോള്‍ ഓഖിയും.