കാലിഫോര്‍ണിയ:   യു.എസിലെ ലോസ് ആഞ്ജലിസിന് സമീപമുള്ള നൈറ്റ്ക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ പോലീസ് ഉദ്യോഗസ്ഥനടക്കം 13 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പ് നടത്തിയ അക്രമിയും കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്നവ വിവരം.

കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്. ലോസ് ആഞ്ജലിസിലെ തൗസന്റ് ഓക്‌സ് എന്ന നഗരത്തിലുള്ള ബോര്‍ഡര്‍ലൈന്‍ ബാര്‍ ആന്‍ഡ് ഗ്രില്‍ എന്ന ക്ലബ്ബിലാണ് വെടിവെപ്പ് നടന്നത്. 

California Bar Shooting
Image Credit- AP

30 തവണ നിറയൊഴിക്കുന്ന ശബ്ദം പുറത്തുകേട്ടുവെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാത്രി 11.30ഓടെല ബാറിലേക്ക് ഒരാള്‍ എത്തുകയും എത്തിയ ഉടന്‍ തന്നെ നിറയൊഴിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. വെടിവെപ്പ് വിവരം അറിഞ്ഞെത്തിയപ്പോള്‍ തന്നെ ഇയാളെ മരിച്ചനിലയിലാണ് കണ്ടെത്തിയതെന്നും പോലീസ് പറയുന്നു. സംഭവത്തിന് ഭീകരവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും അധികൃതര്‍ പറയുന്നു.

Content highlights: California Bar Shooting, Gunman Dead, 13 killed