ഗസ്ത് 9, 2020.. ഒരു കോവിഡ് സമ്പര്‍ക്ക കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറാമത്തെ ദിവസമാണ് ഇത് ന്യൂസിലാന്‍ഡിന്. കഴിഞ്ഞ ആറ് മാസത്തിലേറെയായി ലോകത്തെ മറ്റ് രാജ്യങ്ങളിലെങ്ങും കോവിഡ് വ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുമ്പോള്‍ ന്യൂസിലാന്‍ഡ് വെറും 65 ദിവസങ്ങള്‍ കൊണ്ടാണ് മഹാമാരിയെ പിടിച്ചുകെട്ടിയത്. ആദ്യത്തെ സമ്പര്‍ക്ക വ്യാപന കേസ് ഫെബ്രുവരി 26നാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ മെയ് ഒന്നിനുള്ളില്‍ വൈറസ് വ്യാപനം പൂര്‍ണമായും നിലച്ചുവെന്നുവേണം പറയാന്‍. അതിന്റെ തെളിവായി അടുത്ത നൂറ് ദിവസമായി രാജ്യത്ത് ഒരു സമ്പര്‍ക്ക കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

കോവിഡ് മുക്തമെന്ന് നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ട രാജ്യത്ത് ജനജീവിതം ഏറെക്കുറേ സാധാരണ നിലയിലേക്ക് മടങ്ങിക്കഴിഞ്ഞു. ഹോട്ടലുകളും സ്റ്റേഡിയങ്ങളുമെല്ലാം പൊതുജനങ്ങള്‍ക്കായി തുറന്നിട്ടുണ്ട്. എന്നാല്‍, കോവിഡിനെതിരായ ജാഗ്രതയ്ക്ക് ഒരു കുറവുമില്ല.  

ലോകം മുഴുവന്‍ വൈറസിനെതിരെ ഇപ്പോഴും പോരാട്ടം തുടരുമ്പോഴും ന്യൂസിലാന്‍ഡ് 65 ദിവസം കൊണ്ട് എങ്ങനെയാണ് വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടിയത്? 

പ്രധാനമായും മൂന്ന് നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിയത്.

1. അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍- പുറത്തുനിന്നും വരുന്നവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതിവേണം. രാജ്യത്തെത്തിയാല്‍ മാറ്റിപ്പാര്‍പ്പിക്കും. നിയയന്ത്രണം ഇപ്പോഴും തുടരുന്നു. 
2. സമ്പൂര്‍ണ ലോക്ക്ഡൗണ്‍, സാമൂഹിക അകലം- ഇവ രണ്ടും കര്‍ശനമായി നടപ്പിലാക്കി.
3. ഓരോ കേസുമായി ബന്ധപ്പെട്ട എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കി. എല്ലാവരേയും കണ്ടെത്തി ക്വാറന്റീന്‍ ചെയ്തു. 

ഈ മൂന്ന് നിയന്ത്രണങ്ങളും ഫലവത്തായതോടെ സമ്പര്‍ക്ക കേസുകളുടെ എണ്ണം കുറയ്ക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിച്ചു. ഓഗസ്റ്റ് ആറിന്റെ പ്രതിദിന കണക്കുകള്‍ പ്രകാരം ന്യൂസിലാന്‍ഡില്‍ നാല് മരണമാണ് സംഭവിച്ചത്. അമേരിക്കയിലും ബ്രിട്ടണിലും ജര്‍മനിയിലുമാവട്ടെ ഇത് യഥാക്രമം 488, 683, 110 എന്നിങ്ങനെയായിരുന്നു.

ചൈന, ദക്ഷിണ കൊറിയ, ഹോങ്കോങ്ങ്, വിയറ്റ്‌നാം, മംഗോളിയ, ഫിജി, തായ്‌വാന്‍ തുടങ്ങി കോവിഡ് വ്യാപനം അതീവനിയന്ത്രണത്തിലായ ഏതാനും രാജ്യങ്ങളില്‍ ഒന്നാണ് ന്യൂസിലാന്‍ഡും. എന്നാല്‍ തായ് വാനും ഫിജിയും ന്യൂസിലാന്‍ഡും ഒഴികെയുള്ള രാജ്യങ്ങളില്‍ വലിയ ഇടവേളയ്ക്ക് ശേഷം പുതിയ സമ്പര്‍ക്ക വ്യാപന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കിയത് ന്യൂസിലാന്‍ഡിന് ഏറെ ഗുണംചെയ്തു. ആദ്യഘട്ടത്തില്‍ തന്നെ അടച്ചിടല്‍ തന്ത്രം നടപ്പിലാക്കിയത് വൈറസ് വ്യാപനത്തെ തടഞ്ഞു. ജനങ്ങളും ഇതിനോട് സഹകരിച്ചു. ഒ.ഇ.സി.ഡി (Organisation for Economic Co-operation and Development) രാജ്യങ്ങളില്‍ ഏറ്റവും കുറവ് കോവിഡ് മരണങ്ങളുള്ള രാജ്യം ന്യൂസിലാന്‍ഡ് ആണ്. 

ആകെ 1569 കേസുകളാണ് ന്യൂസിലാന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തത്. 22 പേര്‍ മരിച്ചു. 1524 പേരും രോഗമുക്തി നേടി. ചികിത്സയില്‍ തുടരുന്ന 23 പേരും മറ്റിടങ്ങളില്‍ നിന്ന് എത്തിയവരാണ്.

വൈറസ് വ്യാപനം കുറഞ്ഞതോടെ രാജ്യത്തെ സാമ്പത്തിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പെട്ടന്ന് സാധാരണനിലയിലേക്കെത്തി. അതുകൊണ്ടുതന്നെ സാമ്പത്തിക പ്രതിസന്ധികള്‍ കുറഞ്ഞു. എന്നാല്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം എന്നാണ് രാജ്യം കണക്കുകൂട്ടുന്നത്. ഇതിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ രാജ്യമുള്ളത്. 

ന്യൂസിലാന്‍ഡ് എന്ന ചെറു ദ്വീപു രാഷ്ട്രം  ആഗോളതലത്തില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചതിനെ അത്ഭുതത്തോടെ നോക്കിക്കാണുകയാണ് ഇപ്പോള്‍ ലോകം.

Content Highlghts: 100 days without Covid-19: How New Zealand got rid of a virus that keeps spreading across the world