വെടിവെപ്പ് നടന്ന സ്ഥലം | Photo: Twitter/ Parthiban Shanmugam
ലോസ് ആഞ്ജലിസ്: കാലിഫോര്‍ണിയയില്‍ നിരവധിപ്പേരുടെ മരണത്തിന് ഇടയാക്കിയ വെടിവെപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10.22ഓടെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. അക്രമകാരി പുരുഷനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മോണ്‍ട്രേ പാര്‍ക്കിലെ ഒരു ഡാന്‍സ് ക്ലബ്ബിലാണ് വെടിവെപ്പ് ഉണ്ടായത്.
വെടിവെപ്പ് നടന്ന മോണ്‍ട്രേ പാര്‍ക്കില്‍ 60,000-ഓളമാണ് ജനസംഖ്യ. ഇതില്‍ കൂടുതലും ഏഷ്യന്‍ വംശജരാണ്. 65 ശതമാനം ഏഷ്യന്‍- അമേരിക്കക്കാരാണ് ഇവിടെ താമസിക്കുന്നത്. 27 ശതമാനം ലാറ്റിനോകളും ആറ് ശതമാനം വെള്ളക്കാരുമാണ് താമസക്കാര്‍. ഇവിടെയാണ് വെടിവെപ്പ് നടന്നിരിക്കുന്നത്. പത്ത് പേരുടെ മരണം സ്ഥിരീകരിച്ചതായാണ് ലോസ് ആഞ്ജിലിസ് ടൈംസിന്റെ റിപ്പോര്‍ട്ട്. പത്ത് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
മൂന്ന് പേര് അതിക്രമിച്ചെത്തി കടയടക്കാന്‍ ആവശ്യപ്പെട്ടതായി വെടിവെപ്പ് നടന്നതിന് സമീപത്ത് റെസ്റ്റോറന്റ് നടത്തുന്നയാള്‍ ലോസ് ആഞ്ജലിസ് ടൈംസിനോട് പറഞ്ഞു. സെമി ഓട്ടോമാറ്റിക് തോക്കാണ് ആക്രമകാരിയുടെ കൈവശമുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. അനേകംതവണ വെടിവെക്കാനുള്ള വെടിക്കോപ്പ് ഇയാളുടെ കൈവശമുണ്ടായിരുന്നതായാണ് വിവരം. വലിയ തോക്കാണ് ഇയാളുടെ കൈവശമുണ്ടായിരുന്നതെന്നും കണ്ണില്‍ കണ്ടവര്‍ക്ക് നേരയെല്ലാം ഇയാള്‍ വെടിയുതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഡാന്‍സ് ക്ലബിന്റെ ഉടമയും ഉണ്ടായിരുന്നതായി ദൃക്സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സ് ബാറില്‍ പോയ താന്‍, വെടിവെപ്പ് നടക്കുമ്പോള്‍ ശുചിമുറിയിലായിരുന്നെന്നും പുറത്ത് വന്നപ്പോള്‍ ക്ലബിന്റെ ഉടമ അടക്കം മൂന്ന് പേര് മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നും സംഭവ സ്ഥലത്തുണ്ടായിരുന്ന വോങ് വെയെ ഉദ്ധരിച്ച് ലോസ് ആഞ്ജലിസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
'രാത്രി പത്തോടെ ഞാന്‍ വീട്ടിലെത്തി. തുടര്‍ന്ന് 4-5 റൗണ്ട് വെടിയൊച്ച കേട്ടു. പിന്നീട് പോലീസുകാര്‍ ഇരച്ചെത്തുന്ന ശബ്ദമാണ് കേട്ടത്. 11.20-ഓടെ താഴേക്ക് ഇറങ്ങിപ്പോയി. പുതുവര്‍ഷാഘോഷം നടക്കുന്നിടത്താണോ വെടിവെപ്പ് ഉണ്ടായത് എന്നായിരുന്നു എന്റെ ആശങ്ക. എന്നാല്‍, രാത്രി പത്തോടെ തന്നെ ആഘോഷങ്ങള്‍ അവസാനിച്ചിരുന്നു. വെടിവെപ്പ് നടന്ന സ്ഥലത്ത് എത്തിയപ്പോള്‍ സ്ട്രച്ചറില്‍ കിടക്കുന്ന ഒരാളേയും കൈക്ക് ചുറ്റും ബാന്‍ഡേജ് കെട്ടിയ മറ്റൊരാളെയുമാണ് കാണാന്‍ കഴിഞ്ഞത്', പ്രദേശത്ത് താമസിക്കുന്ന ജോണ്‍ എന്നയാള്‍ പറഞ്ഞു.
വര്‍ഷങ്ങളായി ആഘോഷങ്ങള്‍ നടന്നുവരാറുണ്ടെങ്കിലും കാലിഫോര്‍ണിയയില്‍ ആദ്യമായാണ് ചൈനീസ് പുതുവത്സരം ഒദ്യോഗികമായി ആഘോഷിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി തെരുവില്‍ ഭക്ഷണ സ്റ്റാളുകളും അമ്യൂസ്മെന്റ് റൈഡുകളും ഒരുക്കിയിരുന്നു.
അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഏഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമായതിനാലും ചൈനീസ് പുതുവത്സര ആഘോഷത്തിനിടെയായതിനാലും വംശീയാക്രമണം ആകാനുള്ള സാധ്യത അധികൃതർ തള്ളിക്കളയുന്നില്ല.
Content Highlights: 10 people killed, 10 injured in mass shooting at Monterey Park dance studio
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..