കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് നൂറോളം പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ സ്‌ഫോടനം നടന്നതിന്റെ ഞെട്ടലിലാണ് അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍. താലിബാന്റെ പക്കല്‍ നിന്ന് രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിനിടെ ഉണ്ടായ സ്‌ഫോടനത്തെ ഭീതിയോടെയാണ് ദൃക്‌സാക്ഷികള്‍ ഓര്‍ത്തെടുക്കുന്നത്. 

സ്വന്തം കണ്‍മുന്നില്‍ ആളുകള്‍ പിടഞ്ഞുവീണു മരിച്ച സംഭവം ഓര്‍ത്തെടുക്കുകയാണ് ഒരു ദൃക്‌സാക്ഷിയായ കാള്‍. അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടാനായി വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുമ്പോഴാണ് സ്‌ഫോടനം നടന്നതെന്ന് കാള്‍ പറഞ്ഞു. 

''ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഭയങ്കരമായ ശബ്ദം കേട്ടു. സ്‌ഫോടനമാണെന്ന് തിരിച്ചറിയുമ്പോഴേക്കും നിരവധി ആളുകള്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരു പെണ്‍കുട്ടിയെ ഞാന്‍ ഓടിപ്പോയി എടുത്തു. പക്ഷെ നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ എന്റെ കൈകളിൽ കിടന്ന് ജീവന്‍ വെടിഞ്ഞു''.- കാള്‍ പറഞ്ഞു. 

വിമാനത്താവളത്തിന് പുറത്ത് ഒരു കനാല്‍ ഉണ്ടായിരുന്നു. അതിന്റെ മറുവശത്ത് യുഎസ് സൈനികര്‍ അഭയാര്‍ഥികളുടെ യാത്രാരേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. അതിനാലാണ് നിരവധി യുഎസ് സൈനികരും ആക്രമണത്തിനിരയായതെന്നും കാള്‍ കൂട്ടിച്ചേര്‍ത്തു. 

അഫ്ഗാനിസ്താനില്‍നിന്ന് അഭയാര്‍ഥികളെ ഒഴിപ്പിക്കുന്നതിനിടെയാണ് കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിനു പുറത്ത് ഇരട്ടസ്‌ഫോടനം നടന്നത്. ഭീകരാക്രമണത്തില്‍ 13 യു.എസ്. ദൗത്യസംഘാംഗങ്ങളും നിരവധി അഭയാര്‍ഥികളും കൊല്ലപ്പെട്ടു. താലിബാനികളടക്കം 140 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) അഫ്ഗാന്‍ ഘടകമായ ഐ.എസ്. ഖൊരാസന്‍ പുലര്‍ച്ചെ 2.30 ഓടെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. അമേരിക്കന്‍ സേനയേയാണ് തങ്ങള്‍ ലക്ഷ്യമിട്ടെതെന്നും പ്രസ്താവനയില്‍ ഇവര്‍ അറിയിച്ചിട്ടുണ്ട്.