കൊളംബോ:   സ്‌ഫോടന ശബ്ദം കേട്ട് പള്ളിയിലേക്ക് ഓടിയെത്തിയ തങ്ങള്‍ കണ്ടത് രക്തവും മൃതദേഹങ്ങളായിരുന്നുവെന്ന് കമല്‍ പറയുന്നു. സ്‌ഫോടനത്തിന്റെ ദൃക്‌സാക്ഷിയായിരുന്നു കമല്‍. ബിബിസി സിംഹളയിലെ മാധ്യമ പ്രവര്‍ത്തകനായ അസ്സാം അമീനോട് തന്റെ അനുഭവം വിവരിക്കുമ്പോള്‍ അയാള്‍ ഭീതികൊണ്ട് വിളറിയിരുന്നു. 

8.45 നായിരുന്നു അത് കേട്ടത്. വലിയൊരു പൊട്ടിത്തെറിയുടെ ശബ്ദം. നിരവധി ആളുകള്‍ ഉറക്ക നിലവിളിച്ചുകൊണ്ട് പാഞ്ഞോടുന്നു. ഞങ്ങള്‍ പള്ളിയിലേക്ക് ഓടിച്ചെന്നു. നിരവധി മൃതദേഹങ്ങളാണ് ഞങ്ങള്‍ കണ്ടത്. പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് ഞങ്ങള്‍ അവ മറച്ചുവെച്ചു. 500 മുതല്‍ 600 പേരെങ്കിലും പള്ളിയിലുണ്ടായിരിന്നിരിക്കാം- കമല്‍ പറയുന്നു.  

സ്‌ഫോടന പരമ്പരയില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ശ്രീലങ്ക. സമാധാനപരമായി കടന്നുപോകേണ്ട ഒരു ഈസ്റ്റര്‍ ദിനത്തേയാണ് ചോരയില്‍ മുക്കിയിരിക്കുന്നത്. ആക്രമണം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് അധികൃതര്‍ കരുതുന്നു. അതേസമയം സ്‌ഫോടനങ്ങളുടെ ഉത്തരവദിത്തം ആരും ഏറ്റെടുത്തിട്ടുമില്ല. 

2009ല്‍ തമിഴ് പുലികളെ അടിച്ചമര്‍ത്തിയതിന് ശേഷം ശ്രീലങ്ക ഒരു പതിറ്റാണ്ടായി ഭീകരമായ ആക്രമണങ്ങള്‍ക്ക് വേദിയായിരുന്നില്ല. സ്‌ഫോടനപരമ്പരകളെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം സുരക്ഷ കര്‍ശനമാക്കി. എല്ലാവരും മറ്റൊരു ആക്രമണത്തെ ഭയത്തോടെ പ്രതീക്ഷിക്കുന്നത്. 

ഭീതിയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചു. വിമനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ശ്രീലങ്കന്‍ പ്രധാനമന്ത്രി അടിയന്തിര യോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്. സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്കായി രക്തം ലഭ്യമാക്കാന്‍ അധികൃതര്‍ പൊതുജനത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. 

ചരിത്രപ്രാധാന്യമുള്ള കത്തുവപിടിയയിലുള്ള സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചും ആക്രമണത്തിനിരയായി. തുറമഖ നഗരമായ നെഗൊംബോയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. കത്തോലിക്കാ വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലമാണ് ഇത്. അതേസമയം സ്‌ഫോടന പരമ്പര  ആരെ ഉദ്ദേശിച്ചാണെന്നോ എന്തിനുവേണ്ടിയാണെന്നോ വ്യക്തമല്ല. അതിനാല്‍ ഇനിയും ആക്രമണമുണ്ടാകുമെന്നാണ് ശ്രീലങ്ക അധികൃതര്‍ ഭയക്കുന്നത്.

Content Highlights: 'We ran inside and saw bodies inside the church'- Attacks on Sri Lanka churches and hotels