ജനീവ: ലോകമെമ്പാടും ഇതുവരെ 20 കോടി ആളുകള്‍ കോവിഡ് ബാധിതരായപ്പോള്‍ 'ലോങ് കോവിഡ്' (കോവിഡ് മൂലമുള്ള ദീര്‍ഘകാലരോഗാവസ്ഥ)മൂലം കഷ്ടത അനുഭവിക്കുന്നവരെക്കുറിച്ച് കൃത്യമായ കണക്കുകളില്ലാത്തത് ആശങ്കപ്പെടുത്തുന്നുവെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് മുക്തരായിട്ടും ആരോഗ്യപ്രശ്‌നങ്ങള്‍ തുടരുന്നവര്‍ വൈദ്യസഹായം തേടണമെന്നും ലോകാരോഗ്യ സംഘടന അഭ്യര്‍ഥിച്ചു. 

കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ 'ലോങ് കോവിഡ്' എന്നതില്‍ ലോകാരോഗ്യ സംഘടന വളരെയധികം ആശങ്കാകുലരാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് ടെക്‌നിക്കല്‍ തലവന്‍ മരിയ വാന്‍ കെര്‍ഖോവ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 'ലോങ് കോവിഡ്' എന്നത് യാഥാര്‍ഥ്യമാണെന്നും അവര്‍ പറഞ്ഞു. 

SARS-CoV-2 വൈറസ് ബാധിച്ച പലര്‍ക്കും ദീര്‍ഘകാല പ്രശ്‌നങ്ങള്‍മൂലം ബുദ്ധിമുട്ടുകളുണ്ടെന്നും മരിയ വാന്‍ കെര്‍ഖോവ് ചൂണ്ടിക്കാണിച്ചു. ഈ ആരോഗ്യപ്രശ്‌നങ്ങള്‍ എത്രകാലം നിലനില്‍ക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. കോവിഡ് മൂലമുള്ള ദീര്‍ഘകാല രോഗാവസ്ഥയെക്കുറിച്ച് കൂടുതല്‍ മനസിലാക്കി വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

'ലോങ് കോവിഡ്' ബാധിതര്‍ക്ക് മെച്ചപ്പെട്ട പുനരധിവാസ പരിപാടികളും രോഗാവസ്ഥ എന്താണെന്നും അത് എങ്ങനെ കൈകാര്യം ചെയ്യാമെന്നും മനസ്സിലാക്കാന്‍ വിപുലമായ ഗവേഷണങ്ങളും ലോകാരോഗ്യ സംഘടന നടത്തുന്നുണ്ടെന്നും കെര്‍ഖോവ് പറഞ്ഞു.

കോവിഡ് മഹാമാരിയുടെ ഏറ്റവും നിഗൂഢമായ വശങ്ങളിലൊന്നാണ് 'ലോങ് കോവിഡ്' എന്ന അവസ്ഥ. രോഗാവസ്ഥയിലൂടെ കടന്നുപോയ ശേഷവും ചിലരില്‍ എന്തുകൊണ്ടാണ് തുടര്‍ ആരോഗ്യപ്രശ്ങ്ങള്‍ ഉണ്ടാകുന്നത് എന്നതിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Content Highlights: 'Long Covid' Is Real, A Matter Of Deep Concern: WHO Warning