ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. ടോക്കിയോവില്‍നിന്നും 870 കിലോമീറ്റര്‍ തെക്ക് പസഫിക് സമുദ്രത്തില്‍ ഭൂമിക്കടിയില്‍ 676 കിലോമീറ്റര്‍ താഴെയാണ് പ്രഭവസ്ഥാനമെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.

റിക്ടര്‍സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. ശനിയാഴ്ച പ്രാദേശികസമയം രാവിലെ എട്ടരയോടെയാണ് ചലനം അനുഭവപ്പെട്ടത്. ആള്‍നാശമോ വസ്തുനാശമോ റിപ്പോര്‍ട്ടുചെയ്തിട്ടില്ല.

തലസ്ഥാനമായ ടോക്കിയോയിലും തുടര്‍ചലനം ഉണ്ടായി. സുനാമി ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഫുക്കോഷിമ ആണവകേന്ദ്രത്തിന് അപകടഭീഷണിയില്ലെന്ന് ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനിയും അറിയിച്ചു.

ഭൂചലനത്തെത്തുടര്‍ന്ന് ടോക്കിയോവിലെ നരിറ്റ വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളും താത്കാലികമായി അടച്ചു. വൈദ്യുതി തടസ്സംമൂലം ടോക്കിയോക്കും ഒസാക്കയ്ക്കും ഇടയ്ക്കുള്ള തീവണ്ടിഗതാഗതവും അല്പനേരത്തേക്ക് നിര്‍ത്തിവെച്ചു. .

പ്രഭവകേന്ദ്രം കടലിനടിയില്‍ ഏറെ ആഴത്തിലായതിനാലാണ് അപകടങ്ങള്‍ ഒഴിവായതെന്നും ടോക്കിയോ സര്‍വകലാശാലയിലെ ഭൂകമ്പഗവേഷണകേന്ദ്രത്തിലെ നവോകി ഹിരാത പറഞ്ഞു.

അതിനിടെ ഡല്‍ഹിയിലും ചെറിയരീതിയില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. നേപ്പാളില്‍ ശനിയാഴ്ച പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.