ബെയ്ജിങ്: വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാനും ഫോര്‍ട്ട് ഡീട്രിക് ലാബ് ഉള്‍പ്പെടെ യു.എസിന്റെ ലോകമെമ്പാടുമുള്ള 200ല്‍ അധികം ജൈവ ലാബുകളെക്കുറിച്ച് വിശദീകരിക്കാനും ലോകാരോഗ്യ സംഘടനയെ യു.എസ്. അവരുടെ രാജ്യത്തേക്ക് വിളിക്കട്ടെ എന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍. കോവിഡിന്റെ ഉത്ഭവത്തില്‍ സുപ്രധാന സൂചനകള്‍ നല്‍കിയേക്കാവുന്നവരുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ചൈന പുറത്തുവിടണമെന്ന അമേരിക്കന്‍ ആരോഗ്യ വിദഗ്ദ്ധന്‍ ഡോ.ആന്തണി ഫൗച്ചിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ്. 

" 2019 ഡിസംബര്‍ 30ന് മുമ്പ് കൊറോണ വൈറസിനെ കൈകാര്യം ചെയ്തിട്ടില്ലെന്ന് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വ്യക്തത വരുത്തിയിട്ടുള്ളതാണ്. യുഎസ്, ഡബ്യു.എച്ച്.ഒ വിദഗ്ദ്ധരെ അവരുടെ രാജ്യത്തേക്ക് വിളിച്ച് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുകയും ഫോര്‍ട്ട് ഡീട്രിക് ലാബ് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 200ല്‍ അധികം ലാബുകളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യട്ടെ." - വാങ് വെന്‍ബിന്‍ പറഞ്ഞു. 

വുഹാനിലെ ലാബിലെ ജീവനക്കാരുടെ ആരോഗ്യ വിവരങ്ങള്‍ ചൈന പുറത്ത് വിടണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ ഡയറക്ടറായ ആന്തണി ഫൗച്ചി ആവശ്യപ്പെട്ടിരുന്നു. 2019 ല്‍ ചികിത്സ തേടിയ വുഹാൻ ലാബ് ജീവനക്കാരായ മൂന്ന് പേരുടെയും മെഡിക്കല്‍ വിവരങ്ങള്‍ തനിക്ക് പരിശോധിച്ചാല്‍ കൊള്ളാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ മൂന്ന് പേര്‍ക്ക് അസുഖം വന്നിരുന്നോയെന്നും എങ്കില്‍ എന്ത് രോഗമാണ് ബാധിച്ചതെന്നും ചൈന പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

ഡബ്ല്യു.എച്ച്.ഒ.യോട്  വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് പുനരന്വേഷണത്തിന് നേരത്തെ ബൈഡന്റെ മെഡിക്കല്‍ ഉപദേഷ്ടാവ് കൂടിയായ ഡോ. ആന്തണി ഫൗച്ചി അഭ്യര്‍ഥിച്ചിരുന്നു. ലാബില്‍നിന്ന് ചോര്‍ന്നതാണെന്ന സിദ്ധാന്തം മുമ്പ് അംഗീകരിക്കാതിരുന്ന ഫൗച്ചി പക്ഷേ, വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ആര്‍ക്കും 100 ശതമാനം അറിവില്ലാത്തതിനാല്‍ പുനരന്വേഷണം വേണമെന്നാണ് അവശ്യപ്പെട്ടത്. 

വുഹാനിലെ ലാബില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവം എന്ന വാദത്തില്‍ യുഎസ് ഇന്റലിജന്റ്‌സ് അന്വേഷണം നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് കൃത്യം ഒരു മാസം മുമ്പ് അവിടുത്തെ ലാബില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് രോഗബാധ ഉണ്ടായിരുന്നു എന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

Content Highlights: 'Invite WHO to US for Study of Virus Origins': China's Replies to Fauci's Lab Leak Emails