ബെയ്ജിങ്: ഇന്ത്യക്ക് എതിരേ പ്രകോപനപരമായ പരാമര്‍ശവുമായി ചൈന. യുദ്ധം ആരംഭിച്ചാല്‍ ഇന്ത്യ വിജയിക്കാന്‍ സാധ്യതയില്ലെന്നാണ് ചൈനയുടെ അവകാശവാദം. മോസ്‌കോയില്‍ വച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ചൈനീസ് സര്‍ക്കാരിന്റെ അധീനതയിലുള്ള ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലിലെ പ്രകോപനപരമായ പരാമര്‍ശം.

ചൈനയുടെ സൈനിക ശേഷി ഉള്‍പ്പെടെയുള്ള ശേഷി ഇന്ത്യയേക്കാള്‍ ശക്തമാണെന്ന് ഇന്ത്യന്‍ പക്ഷത്തെ ഓര്‍മിപ്പിക്കണമെന്ന് ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റോറിയല്‍ പറയുന്നു. ഇന്ത്യയും ചൈനയും വന്‍ശക്തികളാണെങ്കിലും ഒരു പോരാട്ടമുണ്ടായാല്‍ ഇന്ത്യ തോല്‍ക്കുമെന്നും അതിര്‍ത്തി വിഷയത്തില്‍ യുദ്ധം ആരംഭിച്ചാല്‍ ഇന്ത്യക്ക്‌ വിജയിക്കാന്‍ സാധിക്കില്ലെന്നും അവര്‍ അവകാശപ്പെട്ടു. 

പ്രതിരോധ മന്ത്രിമാരുടെ യോഗം ഇരു രാജ്യങ്ങളും സമവായത്തിലേക്ക് മടങ്ങിവരാനുള്ള വഴിത്തിരിവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗ്ലോബല്‍ ടൈംസ് പറഞ്ഞു. അതിര്‍ത്തിയില്‍ സംഘര്‍ഷം കുറയ്ക്കാന്‍ ഇരുപക്ഷവും ശ്രമം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

നേരത്തെ, അന്താരാഷ്ട്ര അതിര്‍ത്തിയെ മാനിക്കണമെന്നും യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാന്‍ ശ്രമിക്കരുതെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളിയാഴ്ച മോസ്‌കോയില്‍ നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ യോഗത്തിലാണ് രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയെ കണ്ടത്.  

ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നു. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഇന്ത്യന്‍ പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനെയും നിയന്ത്രണ രേഖയിലെ പെരുമാറ്റത്തിന്റെ പേരിലും ചൈനീസ് സൈന്യത്തെ  പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

Content Highlights: ‘If war starts, India will have no chance of winning’: China threatens despite Rajnath Singh’s warning