ആതന്‍സ്: യൂറോപ്യന്‍ യൂണിയനുമായി മൂന്നാം കടാശ്വാസ കരാറില്‍ എത്തിയതിനെച്ചൊല്ലിയുള്ള ഭിന്നതയില്‍ ഗ്രീസിലെ ഭരണകക്ഷിയായ സിരിസ പാര്‍ട്ടി പിളര്‍ന്നു. പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് ഇടക്കാല തിരഞ്ഞെടുപ്പിന് വഴിയൊരുക്കി രാജിവെച്ചതിന് പിന്നാലെയാണ് വിമതര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയത്.

25 വിമത എം.പി.മാരാണ് മുന്‍ ഊര്‍ജമന്ത്രി പനഗിയോട്ടിസ് ലഫസാനിസിന്റെ നേതൃത്വത്തില്‍ സിപ്രസിനെതിരെ കലാപക്കൊടി ഉയര്‍ത്തി പാര്‍ട്ടിയുണ്ടാക്കിയത്. പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് വിമതരുടെ യുനൈറ്റഡ് ആന്റി ഓസ്റ്റിരിറ്റി ഫ്രണ്ട്. പ്രതിപക്ഷം സര്‍ക്കാറുണ്ടാക്കാന്‍ ശ്രമിക്കില്ലെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ സപ്തംബറില്‍ തിരഞ്ഞെടുപ്പ് നടന്നേക്കും. ആറ് വര്‍ഷത്തിനിടെ രാജ്യം അഞ്ചാമത്തെ തിരഞ്ഞെടുപ്പിലേക്കാണ് നീങ്ങുന്നത്.

ജനവരിയിലാണ് ഇടതുപക്ഷ പാര്‍ട്ടിയായ സിരിസ ഗ്രീസില്‍ അധികാരത്തിലെത്തിയത്. ചെലവുചുരുക്കല്‍ നടപടികള്‍ പിന്‍വലിക്കുമെന്നും കടം തിരിച്ചടയ്ക്കില്ലെന്നുമുള്ള ജനപ്രിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സിപ്രസ് വോട്ടുപിടിച്ചത്. എന്നാല്‍, ഭരണത്തിലെത്തിയ ശേഷം അദ്ദേഹം യുറോപ്യന്‍ യൂണിയന്റെ ഉപാധികള്‍ക്ക് വഴങ്ങിയതില്‍ പ്രതിഷേധിച്ചാണ് തീവ്ര ഇടതുപക്ഷക്കാര്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്.

കടാശ്വാസപദ്ധതിക്ക് അംഗീകാരം നല്‍കാന്‍ കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ പാര്‍ട്ടിയുടെ 149 അംഗങ്ങളില്‍ 43 പേര്‍ എതിര്‍ത്ത് വോട്ടുചെയ്തിരുന്നു. ഇതാണ് സിപ്രസിനെ രാജിക്ക് പ്രേരിപ്പിച്ചത്. മൂന്നാം കടാശ്വാസകരാര്‍ പ്രകാരമുള്ള ആദ്യഗഡുവായ 1,300 കോടി പൗണ്ടിന്റെ വായ്പ ലഭിച്ചതിന് ശേഷം വ്യാഴാഴ്ച രാത്രി വൈകിയാണ് പ്രധാനമന്ത്രി രാജിപ്രഖ്യാപിച്ചത്. മൂന്നുവര്‍ഷം കൊണ്ട് 8,600 കോടി പൗണ്ടാണ് യൂറോപ്യന്‍ യൂണിയന്‍ ഗ്രീസിന് നല്‍കുന്നത്.