ഗംഭീരമായ ആകാശ സമാഗമത്തിനാണ് ഈ വര്‍ഷത്തിന്റെ അവസാനം ഒരുങ്ങുന്നത്. ഡിസംബര്‍ 21-ന് സൗരയൂഥത്തിലെ രണ്ട് ഭീമന്‍മാരുടെ സമാഗമമാണ് ജ്യോതിശാസ്ത്രജ്ഞര്‍ കാത്തിരിക്കുന്നത്. ശനി, വ്യാഴം തുടങ്ങിയ ഗ്രഹങ്ങള്‍ ഒരേയിടത്ത് എത്തിച്ചേരുന്ന അപൂര്‍വസമാഗമത്തിന് 'ഗ്രേറ്റ് കണ്‍ജങ്ഷന്‍'( Great Conjunction) എന്നാണ് ശാസ്ത്രലോകം നല്‍കിയിരിക്കുന്ന പേര്. 

സൂര്യാസ്തമനത്തിന് മുപ്പത് മിനിറ്റുകള്‍ക്ക് ശേഷം അനുഭവവേദ്യമാകുന്ന ഗ്രഹസംഗമം ഏകദേശം രണ്ട് മണിക്കൂറോളം കാണാനാകും. എങ്കിലും അസ്തമനത്തിന് ശേഷമുള്ള അരമണിക്കൂര്‍ സമയമാണ്  ഈ കാഴ്ചയ്ക്ക് ഏറ്റവും ഉത്തമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. 

അസ്തമയനേരത്ത് ചന്ദ്രക്കലയാണ് ആദ്യം കാണപ്പെടുക. ഇരുട്ട് പടരുന്നതോടെ തെക്ക്-തെക്ക് കിഴക്കായാണ് ചന്ദ്രക്കല തെളിയുക. അല്‍പനേരം കൂടി കഴിയുമ്പോഴാണ് ശനിയും വ്യാഴവും പ്രത്യക്ഷമാകുക. ആദ്യം വ്യാഴവും പിന്നീട് ശനിയും കാണപ്പെടും. 

പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ, ബൈനോക്കുലറിന്റെയോ ചെറിയ ടെലിസ്‌കോപ്പിന്റെയോ സഹായത്തോടെ രണ്ട് ഗ്രഹങ്ങളെയും കാണാന്‍ കഴിയുമെന്ന് ജ്യോതിശാസ്ത്ര അധ്യാപകനും വാനനിരീക്ഷണകേന്ദ്രത്തിന്റെ മുന്‍ ഡയറക്ടറുമായ ജെഫ്രി ഹണ്ട് പറഞ്ഞു. വ്യാഴത്തിന്റെ വലിയ ഉപഗ്രഹങ്ങളെയും ചിലപ്പോള്‍ കാണാന്‍ സാധിച്ചേക്കുമെന്ന് ഹണ്ട് പറഞ്ഞു. 

ഓരോ 19.6 കൊല്ലങ്ങളിലും ശനി ഗ്രഹത്തെ വ്യാഴം കടന്നു പോകാറ് പതിവാണ്. എന്നാല്‍, 1623-ന് ശേഷം ഇരു ഗ്രഹങ്ങളും ഇത്ര സമീപത്തായി കടന്നുപോകുന്നത് ആദ്യമാണ് എന്നതാണ് ഗ്രേറ്റ് കണ്‍ജങ്ഷന്റെ പ്രത്യേകത. അതിന് മുമ്പ് ഡിസംബര്‍ 16-ന് വ്യാഴത്തേയും ശനിയേയും ചന്ദ്രനേയും ഒരുമിച്ച് കാണാനാവുമെന്ന് വാനനിരീക്ഷകര്‍ പറയുന്നു. 

Content Highlights: 'Great Conjunction' of Jupiter, Saturn to grace night skies in December