മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ഹിമയുഗ(Ice Age) ത്തിലെ ജീവിതത്തെ കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിക്കാന്‍ സഹായിക്കുമെന്ന് കരുതുന്ന വലുപ്പമേറിയ കാല്‍പ്പാടുകള്‍ കണ്ടെത്തി. ഭൗമാന്തര്‍ഭാഗത്തെ വസ്തുക്കളേയും വസ്തുതകളെയും കണ്ടെത്താന്‍ സഹായിക്കുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍(GPR) ഉപയോഗിച്ച് യുഎസിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റി പഠനം നടത്തുന്നതിനിടെയാണ് മഞ്ഞുഫലകങ്ങള്‍ക്കിടയിൽ നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ സൂക്ഷ്മജീവാവശിഷ്ടങ്ങള്‍ അടിഞ്ഞു കൂടിയ തരത്തിലുള്ള കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
പ്ലേയ്‌സ്റ്റോസിന്‍ (Pleistocene) കാലഘട്ടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഈ കണ്ടെത്തല്‍ സഹായകമാവുമെന്നാണ് ഗവേഷകലോകത്തിന്റെ നിഗമനം. ഭൂമിയിലെ മഞ്ഞുപാളികള്‍ രൂപപ്പെട്ട കാലത്തിന്റെ അവസാന നാളുകളിലേതെന്ന് കരുതപ്പെടുന്ന ഈ അവശിഷ്ടങ്ങള്‍ ആ യുഗത്തിലെ ജീവജാലങ്ങളുടെ ജീവിതസാഹചര്യങ്ങളെ കുറിച്ചും പെരുമാറ്റ രീതികളെ കുറിച്ചുമുള്ള കൂടുതല്‍ പഠനങ്ങള്‍ സഹായമാവാന്‍ സാധ്യതയുണ്ട്. 25 ലക്ഷം മുതല്‍ 11,700 വര്‍ഷം വരെയുള്ള കാലഘട്ടമാണ് പ്ലേയ്‌സ്റ്റോസിന്‍. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള ഫോസിലുകള്‍ക്ക് 12,000 കൊല്ലം പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഹിമയുഗത്തിന്റെ അവസാനഘട്ടത്തിലാണ് സമുദ്രങ്ങളിലെ ജലനിരപ്പില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായത്.
കാലഹരണപ്പെട്ട ജീവികളുടെ ശാരീരികാകൃതി, അവയവങ്ങളുടെ ചലനം, കോശഘടന, ബാഹ്യപ്രേരകങ്ങളാല്‍ ശാരീരികാവസ്ഥയിലും ചലനങ്ങളിലുമുണ്ടായ മാറ്റങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിശദവും ആധികാരികവുമായ പഠനങ്ങള്‍ ഈ പുതിയ കണ്ടെത്തലിലൂടെ സാധ്യമാവുമെന്ന് കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ തോമസ് അര്‍ബന്‍ പറയുന്നു. ഈ കാല്‍പ്പാടുകളുടെ പഠനം ആ യുഗത്തിലെ മനുഷ്യരുള്‍പ്പെടെയുള്ള ജീവികളുടെ വലിപ്പത്തെ കുറിച്ചും ഭാരത്തെ കുറിച്ചും കൃത്യമായ സൂചന നല്‍കിയേക്കുമെന്നാണ് ഗവേഷകരുടെ നിഗമനം.
യുഎസിലെ ഷിഹുവാഹുവാന്‍ മരുഭൂമിയ്ക്ക് സമീപത്തുള്ള വൈറ്റ് സാന്‍ഡ്‌സ് നാഷണല്‍ മോണ്യുമെന്റ് കേന്ദ്രീകരിച്ച് നടത്തിയിരുന്ന പര്യവേക്ഷണങ്ങള്‍ക്കിടയിലാണ് വിലയേറിയതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ഭൗമോപരിതലത്തില്‍ ആന്റിന പോലെയുള്ള സെന്‍സറുപയോഗിച്ച് റേഡിയോ തരംഗങ്ങള്‍ അയച്ച് ഭൗമാന്തര്‍ഭാഗത്തെ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് ജിപിആര്‍ ചെയ്യുന്നത്. ഈ ചിത്രങ്ങളിലൂടെ ലഭിച്ച കാല്‍പ്പാടുകള്‍ ജീവശാസ്ത്രചരിത്രത്തില്‍ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
Content Highlights: Huge Footprints Found Using Ground Penetrating Radar